Monday, March 29, 2010

സര്‍ക്കാര്‍ കാര്യം മുറപോലെ

വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്ത് ആറ്റിങ്ങല്‍ പാര്‍ലമെന്റ് നിയോജകമണ്ഡലത്തിലായിട്ട് വര്‍ഷം കഴിഞ്ഞു. തദ്ദേശസ്വയംഭരണവകുപ്പ് എന്ന സൈറ്റില്‍ പലതും പുതുക്കുന്നതായി കാണാം. ഇപ്പോഴും തിരുവനന്തപുരം നിയോജകമണ്ഡലത്തിലാണെന്ന് പഞ്ചായത്ത് വെബ്സൈറ്റ് പറയുന്നു. ഗ്രീന്‍കേരള എക്സ്പ്രസ് എത്രയോ എപ്പിസോഡുകള്‍ പിന്നിട്ടുകഴിഞ്ഞു. വളരെ പ്രശംസനീയമായ പ്രവര്‍ത്തനവും സഹകരണവും ദൂര്‍ദര്‍ശന്റെ സഹകരണത്താല്‍ മലയാളികളുടെ മുന്നിലെത്തുന്നു. ഇതാണ് പഞ്ചായത്തിലെ അപ്ഡേറ്റുകളുടെ ഫീഡ്.
ഇന്ത്യന്‍ വികസനമാധ്യമ പരീക്ഷണങ്ങളില്‍ സുപ്രധാനമായ ഒരു കാല്‍വയ്പാണ് ഗ്രീന്‍ കേരള എക്സ്പ്രസ്. ജനകീയാസൂത്രണത്തിന്റെ ആരംഭകാലത്ത് പ്രാദേശിക വികസനാനുഭവങ്ങളെ മാധ്യമ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ ഒരു പരിശ്രമം ആരംഭിച്ചിരുന്നു. വ്യത്യസ്ത വികസന മേഖലകളില്‍ പഞ്ചായത്തുകളുടെ നേട്ടങ്ങളും പൊതുമാതൃകകളും ചെറുദൃശ്യങ്ങളാക്കി ദൂരദര്‍ശനിലും മറ്റു സ്വകാര്യ ചാനലുകളിലും സംപ്രേഷണം ചെയ്തിരുന്നു. ഇതുവഴി പ്രാദേശികാസൂത്രണ വികസനരംഗത്ത് ശ്രദ്ധേയമായ തദ്ദേശീയ മാതൃകകള്‍ ഉണ്ടെന്ന അറിവ് പൊതുവേ മറ്റു പഞ്ചായത്തുകള്‍ക്കും പ്രചോദനമേകി. മാധ്യമങ്ങള്‍ സാമൂഹിക ജീവിതത്തെ വളരെയേറെ സ്വാധീനിക്കുന്ന ഈ കാലഘട്ടത്തിലാണ് കേരള ജനത. നമ്മുടെ നാട്ടിലെ ചെറുതെങ്കിലും ശക്തവും സുന്ദരവുമായ പരിശ്രമങ്ങള്‍ സമാഹരിക്കാനും അവയെ ശ്രദ്ധേയമായൊരു പ്ലാറ്റ്ഫോമിലെത്തിക്കുവാനുമുള്ള പരീക്ഷണത്തിന്റെ ഭാഗമായാണ് ഗ്രീന്‍ കേരള എക്സ്പ്രസ് രൂപമെടുക്കുന്നത്. വാണിജ്യ ടെലിവിഷന്റെ ശ്രദ്ധേയമായ റിയാലിറ്റിഷോ എന്ന പരിപാടിയുടെ അതേ രൂപഘടന തന്നെയാണ് വികസനോന്മുഖമായ ഗ്രീന്‍കേരളാ എക്സ്പ്രസ് എന്ന ഈ നവീന മധ്യമ പരീക്ഷണത്തിന്റെ അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു ദശകത്തിലേറെയായി കേരളത്തില്‍ പഞ്ചായത്ത് / മുനിസിപ്പാലിറ്റികള്‍ വികസിപ്പിച്ച വികസന മാതൃകള്‍ ലോകശ്രദ്ധയില്‍പ്പെടുത്തുവാനുള്ള ഒരപൂര്‍വ്വ അവസരമാണിത്. തദ്ദേശ സ്വയംഭരണ വകുപ്പും ശുചിത്വ മിഷനും സി.ഡിറ്റും ദൂരദര്‍ശനും കിലയും ചേര്‍ന്നാണ് ഈ സംരംഭത്തിനു നേത്യത്വം നല്‍കുന്നത്. മാര്‍ച്ച് ഒന്നിന് ഗ്രീന്‍കേരളാ എക്സ്പ്രസ് ദുരദര്‍ശനില്‍ സംപ്രേഷണം ആരംഭിച്ചിരിക്കുന്നു. വൈകിട്ട് 5.30 ന് ഭൂതല ചാനലിലും രാത്രി 8.30 ന് ഉപഗ്രഹചാനലിലുമാണ് സംപ്രേഷണം. സംപ്രേഷണം ആരംഭിച്ചു കഴിഞ്ഞാലും ഇന്നു വരെ ഈ പ്രക്രിയയില്‍ പങ്കാളിത്തമില്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇതിന്റെ ഭാഗമാവാന്‍ അവസരം ലഭിക്കും. ഗ്രീന്‍ കേരളാ എക്സ്പ്രസ് കേരളത്തിലെ പഞ്ചായത്തുകളിലേയ്ക്ക് യാത്രയാരംഭിച്ചു കഴിഞ്ഞു.
2005 മുതല്‍ ഒരു കര്‍ഷകനായ ഞാന്‍ മലയാളം ബ്ലോഗ് പ്രസിദ്ധീകരിക്കുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നു. എന്റെ പഞ്ചായത്തിന്റെ വെബ്സൈറ്റ് കണ്ടപ്പോള്‍ എനിക്ക് ലജ്ജതോന്നുന്നു. ഗ്രീന്‍ കേരള എക്സ്പ്രസ് എന്റെ ഗ്രാമത്തിലെത്തുമ്പോള്‍ ദൂര്‍ദര്‍ശനില്‍ എനിക്കിതും കാണാന്‍ കഴിയുമോ?