Monday, July 04, 2011

ആക്ഷേപങ്ങളും അഭിപ്രായങ്ങളും

വില്ലേജ് ഓഫീസുകളിലെ അഴിമതിയെ ന്യായീകരിക്കുന്നില്ല

വില്ലേജ് ഓഫീസുകള്‍ അഴിമതി മുക്തമാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളേയും കേരളലാന്‍ഡ് റവന്യൂ സ്റ്റാഫ് അസോസിയേഷന്‍ സ്വാഗതം ചെയ്യുന്നു. ആ അര്‍ത്ഥത്തില്‍ സംസ്ഥാനത്തെ 168 വില്ലേജ് ഓഫീസുകളില്‍ നടത്തിയ വിജിലന്‍സ് റെയിഡ് സംബന്ധിച്ച് മാതൃഭൂമിയുടെ മുഖപ്രസംഗത്തെയും പൂര്‍ണ മനസ്സോടെ സ്വാഗതം ചെയ്യുന്നു. വിജിലന്‍സുകാര്‍ അഴിമതി കണ്ടെത്തിയെന്ന മട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ പക്ഷെ, ശരിയല്ല.
വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റവന്യൂ സെക്രട്ടറി നിവേദിത പി ഹരന്‍ സര്‍ക്കുലര്‍ തയ്യാറാക്കി മുഴുവന്‍ റവന്യൂ ഓഫീസുകള്‍ക്കും നല്‍കിയിരുന്നു. എന്നാല്‍, ഫിബ്രുവരി 21-ന് ഇറക്കിയ ഈ സര്‍ക്കുലര്‍ സംസ്ഥാനത്തെ ഭൂരിഭാഗം റവന്യൂ ഓഫീസുകളിലും ലഭിച്ചില്ല എന്നതാണ് വസ്തുത. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടുമൊരു റയിഡിന് വിജിലന്‍സ് ഇറങ്ങിയത്. ഇതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സ്വന്തം കയ്യിലുള്ള പണം എത്രയാണെന്ന് ഒരു പുസ്തകത്തില്‍ കുറിച്ചു വെയ്ക്കണമെന്നും കൈപ്പറ്റ് രസീതുള്‍പ്പെടെ രജിസ്റ്ററുകള്‍ സൂക്ഷിക്കണമെന്നുമൊക്കെ നിര്‍ദ്ദേശിച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ സ്വന്തം കൈയിലുള്ള പണം ഓഫീസില്‍ വന്നയുടനെ അതിനുള്ള രജിസ്റ്ററില്‍ കുറിക്കണമെന്നത് ഒരാള്‍ പാലിക്കേണ്ട നടപടിക്രമമാണ്. ഈ രജിസ്റ്റര്‍ സൂക്ഷിക്കുന്നതില്‍ പല വില്ലേജ് ജീവനക്കാര്‍ക്കും വീഴ്ച പറ്റി എന്നത് നേരാണ്. ഇത്തരം ജീവനക്കാരുടെ കൈവശമുണ്ടായിരുന്ന തുക പിടിച്ചെടുത്ത് അതുമുഴുവന്‍ കൈക്കൂലിപ്പണമാണെന്ന നിഗമനത്തില്‍ പത്രവാര്‍ത്ത കൊടുത്തത് ശരിയായ നടപടി അല്ല.
വില്ലേജ് ഓഫീസില്‍ വില്ലേജ് മാന്വല്‍ അനുസരിച്ചുള്ള നടപടിക്രമങ്ങളാണ് പാലിക്കേണ്ടത്. അതില്‍ പേഴ്സണല്‍ രജിസ്റ്ററിനെക്കുറിച്ചോ കൈപ്പറ്റ് രസീതിനെക്കുറിച്ചോ ഒന്നും പറയുന്നില്ല. അതുപോലെ മലബാറില്‍ പോക്കുവരവില്ല. അവിടെ പിന്നെ എന്തിനാണ് പോക്കു വരവ് രജിസ്റ്റര്‍? വില്ലേജ് ഓഫീസുകളില്‍ കാഷ് ചെസ്റ്റില്ല. അതുകൊണ്ട് അവരവര്‍ രസീതെഴുതുന്ന തുക ഒടുക്കത്തീയതിവരെ കയ്യില്‍ സൂക്ഷിക്കുകയാണ് പതിവ്. നാളിതുവരെ വില്ലേജ് ഓഫീസുകളില്‍ കാഷ്ചെസ്റ്റ് വെയ്ക്കുന്നതിനൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ചിലപ്പോള്‍ രണ്ടോ മൂന്നോ ജീവനക്കാര്‍ മാത്രമുള്ള വില്ലേജ് ഓഫീസുകളില്‍ ജോലിത്തിരക്കു മൂലം 5000 രൂപ എന്ന പരിധി കഴിഞ്ഞെന്നുവരും. അതും അവിടെ അഴിമതിപ്പട്ടികയില്‍ പെടുത്തിയിരിക്കുന്നു.
ഭൂമി വില്പന ധാരാളം നടക്കുന്നതിനാല്‍ ഭൂമിയുടെ രേഖകള്‍ മുഖ്യമായും കൈകാര്യം ചെയ്യുന്ന വില്ലേജ് ഓഫീസുകളില്‍ അഴിമതി വര്‍ദ്ധിക്കുവാന്‍ ഇടയായിട്ടുണ്ട്. അത് തടയുന്നതിന് കുറേക്കൂടി ഫലപ്രദമായ നടപടികള്‍ ആവശ്യമാണ്. ആദ്യം വേണ്ടത് ഭൂരേഖകള്‍ പുതുക്കുകയും 45 വര്‍ഷമായി ഇഴഞ്ഞു നീങ്ങുന്ന റീ സര്‍വ്വെ നടപടികള്‍ ത്വരിതപ്പെടുത്തുകയുമാണ്.
വില്ലേജ് ഓഫീസുകള്‍ സമൂലമായി പരിഷ്കരിക്കുകയും അഴിമതിമുക്തമാക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. അതിന്റെ നടപടിയായി ഓഫീസിന്റെ ജോലിഭാരം തഘൂകരിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിന് നടപടി ഉണ്ടാവണം.
-പി.എസ്. രാജീവ്
സംസ്ഥാന പ്രസിഡന്റ്
കേരള ലാന്‍ഡ് റവന്യൂ സ്റ്റാഫ് അസോസിയേഷന്‍
(മാതൃഭൂമി ദിനപത്രത്തില്‍ 2011 ജൂലൈ 1-ന് ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന പംക്തിയില്‍ വന്നതാണ് മേല്‍ക്കാണുന്ന കത്ത്. അതിന് മറുപടിയായി കേരള എഗന്‍സ്റ്റ് കറപ്ഷന്‍ എന്ന സംഘടനയുടെ പേരില്‍ തിരുവനന്തപുരം ജില്ലാ കണ്‍വീനര്‍ എസ്. ചന്ദ്രശേഖരന്‍ നായര്‍ മാതൃഭൂമിക്ക് സമര്‍പ്പിച്ച കത്ത് വെളിച്ചം കാണുമെന്ന് പ്രതീക്ഷിക്കുന്നു.)

വില്ലേജ് ഓഫീസുകളെ അഴിമതിമുക്തമാക്കണം
2011 ജൂലൈ 1 ന് ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന പംക്തിയിലെ കേരള ലാന്റ് റവന്യൂ സ്റ്റാഫ് അസ്സോസിയേഷന്‍ പ്രസിഡന്റ് പി.എസ്. രാജീവ് എഴുതിയ കത്ത് വായിച്ചു. വില്ലേജ് ഓഫീസുകളിലെ അഴിമതിയുമായി ബന്ധപ്പെട്ട് മാതൃഭൂമിയിലെ മുഖപ്രസംഗത്തെ സ്വാഗതം ചെയ്തുകൊണ്ട് തങ്ങള്‍ കുറ്റക്കാരല്ല എന്ന് സ്ഥാപിക്കുവാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്. സംഘടനാ നേതാക്കള്‍ തങ്ങളുടെ സംഘടയിലെ ഉദ്യോഗസ്ഥരെ തെറ്റുകള്‍ തിരുത്തിക്കുന്നതിന് പകരം ന്യായീകരിക്കുവാന്‍ ശ്രമിക്കുന്നത് ശരിയല്ല. പല വില്ലേജ് ഓഫീസുകളിലും നേരിട്ട് കൈക്കൂലി വാങ്ങാറില്ല. ഏജന്റ്മാര്‍ മുഖേനയാണ് പലരും കൈക്കൂലി കൈപ്പറ്റുന്നത്. കാലതാമസം വരുത്തി ആവശ്യക്കാരെക്കൊണ്ട് കൈക്കൂലി കൊടുപ്പിക്കുവാന്‍ നിര്‍ബന്ധിതരാക്കുകയാണ് പതിവ്. ഇരുപത്തിയഞ്ച് കൊല്ലം മുന്‍പ് രജിസ്റ്ററും രസീതുബുക്കുമായി നടന്ന് കരം പിരിച്ചിരുന്ന അവസ്ഥയില്‍ നിന്ന് കൈക്കൂലി കൊടുത്ത് കരം അടയ്ക്കേണ്ട ഗതികേടിലാണ് ഭൂഉടമകള്‍. ഇല്ലാത്ത സര്‍ക്കുലറിന്റെ പേരും പറഞ്ഞ് ഒടുക്കിട്ട് കരം അടയ്ക്കാന്‍ അനുവദിക്കാത്തതാണ് പലരുടെയും അനുഭവം. വില്ലേജ് ഓഫീസുകള്‍ റയിഡ് നടന്നപ്പോള്‍ അതിനടുത്തദിവസം കരം അടയ്ക്കാന്‍ അനുവദിക്കുകയും കാലതാമസം വരുത്തിയതിന് പിഴ ചുമത്തുകയും ചെയ്തതായും കാണാം. ഒഴിഞ്ഞ മദ്യക്കുപ്പികള്‍ വില്ലേജ് ഓഫീസില്‍ കണ്ടെത്തിയതിനെക്കുറിച്ച് സംഘടനാ പ്രസിഡന്റിന് എന്താണ് പറയാനുള്ളത്? ആധാരം രജിസ്റ്റര്‍ ചെയ്തശേഷം പോക്കുവരവിനായി വില്ലേജ് ഓഫീസില്‍ നല്‍കിയാല്‍ പത്തുരൂപ അടച്ച് രസീത് നല്‍കേണ്ടതാണ്. അതുപോലും പലരും ചെയ്യാറില്ല. പോക്കുവരവിന് നല്‍കിയ അപേക്ഷകള്‍ കെട്ടുകണക്കിന് നടപടി എടുക്കാതെ വില്ലേജ് ഓഫീസറുടെ ബാഗില്‍ കൊണ്ടു നടന്നതിന് എന്താണ് വിശദീകരണം? ശ്രോതസ്സ് വെളിപ്പെടുത്താന്‍ കഴിയാത്ത പണം കൈവശം സൂക്ഷിക്കുന്നതിന്റെ ന്യായമെന്താണ്? റീ-സര്‍വ്വെയുമായി ബന്ധപ്പെട്ട് പൈസ നല്‍കിയാല്‍ പട്ടയം നല്‍കുന്ന ഏര്‍പ്പാടും വില്ലേജ് ഓഫീസുകളിലുണ്ട്. അത് ചെയ്യാത്തവരെ അഡിഷണല്‍ തഹസീല്‍ദാര്‍ ഓഫീസിലെ ഒരു വിഭാഗം ജീവനക്കാര്‍ വട്ടം ചുറ്റിക്കാറുണ്ട്. ടി.എയും ഡി.എയും വാങ്ങുന്ന സര്‍വ്വെയര്‍മാര്‍ ഞായറാഴ്ച ദിവസങ്ങളില്‍ വന്ന് വസ്തു അളന്ന് കൈക്കൂലിയും വാങ്ങി പോകുകയാണ് പതിവ്. പേരുമാറ്റം നടത്താത്തതിനാല്‍ മകള്‍ക്ക് അവകാശപ്പെട്ട ഭൂമി പ്രമാണം ചെയ്ത് കൊടുക്കാന്‍ കഴിയാത്തതിന്റെ പേരില്‍ മകളെ തന്റെ വീട്ടില്‍ കൊണ്ടുവന്നാക്കിയിരിക്കുകയാണ് എന്ന് പറഞ്ഞ് നെയ്യാറ്റിന്‍കര അഡിഷണല്‍ തഹസീല്‍ദാരുടെ മുന്നില്‍ കരയുന്ന ഒരു മനുഷ്യനെ ഞങ്ങള്‍ നേരിട്ട് കണ്ടതാണ്. 2009 നവംബറില്‍ സര്‍വ്വെ ഡയറക്ടറില്‍ നിന്ന് സ്പെഷ്യല്‍ സാങ്ഷന്‍ വാങ്ങി നല്‍കിയിട്ടും ഉടമ്പടി പ്രകാരം ലഭിച്ച വസ്തു നാളിതുവരെ അനന്തരാവകാശിയുടെ പേരില്‍ പട്ടാദയക്കാരന്റെ പേരുമാറ്റം നടത്താന്‍ കഴിഞ്ഞില്ല എന്നും വിവാഹം പ്രായം കഴിഞ്ഞ കര്‍ഷകനായ മകന് സ്വയം തൊഴില്‍ ആരംഭിക്കുവാന്‍ പണം ആവശ്യമായി വന്നപ്പോള്‍ അഡ്വാന്‍സ് വാങ്ങി കച്ചവടം ഉറപ്പിച്ച വസ്തു എഗ്രിമെന്റ് കാലാവധി കഴിഞ്ഞിട്ടും പ്രമാണം ചെയ്തുകൊടുക്കുവാന്‍ സാധിച്ചില്ല എന്നും പരാതികള്‍ ഉണ്ട്. ഇപ്രകാരം എത്രയോ പ്രമാണ രജിസ്ട്രേഷനുകളാണ് തടയപ്പെട്ടത്. അപ്രകാരം രജിസ്ട്രേഷന്‍ ഫീസായി സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനം തടയുകയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍. വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്നിട്ടും അത്തരം അപേക്ഷകളിന്മേല്‍ പുറം തിരിഞ്ഞ് നില്‍ക്കുകയാണ് റവന്യൂ ഉദ്യോഗസ്ഥര്‍. ഓരോ ഓഫീസിലെയും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ വിവരങ്ങള്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിയമവും പാലിക്കാറില്ല. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസില്‍ എത്തുന്നവരില്‍ നിന്നും സംഘടനാ-സമ്മേളന പിരിവുകള്‍ നടത്തുന്നത് സര്‍വ്വ സാധാരണമാണ്. ജനജീവിതത്തെ ഏറെ സ്വാധീനിക്കുന്ന റവന്യൂ വകുപ്പിനെ സംശുദ്ധമാക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ സംഘടനയിലെ അനുയായികള്‍ക്ക് നല്‍കുകയാണ് നേതാക്കന്മാര്‍ ചെയ്യേണ്ടിയിരുന്നത്. രജിസ്ട്രാര്‍ ഓഫീസ്, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവയെ ഉള്‍പ്പെടുത്തിയുള്ള നെറ്റ്‌വര്‍ക്കും കമ്പ്യൂട്ടറൈസേഷനും ആണ് മറ്റൊരു പരിഹാരം. എല്ലാറ്റിനും ഉപരിയായി ഭരണ പ്രതിപക്ഷ രാഷ്ട്രീയ കക്ഷിനേതാക്കള്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരുമായി നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കാന്‍ പൊതുജനങ്ങള്‍ മുന്നോട്ടു വരണം.
എസ്. ചന്ദ്രശേഖരന്‍ നായര്‍
കേരള എഗന്‍സ്റ്റ് കറപ്ഷന്‍ തിരു. ജില്ലാ കണ്‍വീനര്‍
മൊബൈല്‍ - 9447183033