
എന്റെ ഗ്രാമം വിളവൂര്‍ക്കല്‍ എനിക്ക് വിലപ്പെട്ടതാണ്. നിങ്ങള്‍ക്കും നിങ്ങളുടെ ഗ്രാമം വിലപ്പെട്ടതാണ്. അതിനാല്‍ വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിനും, പരിസ്ഥിതി പരിപാലനത്തിനും, ആരോഗ്യ സംരക്ഷണത്തിനും പരിഗണന കൊടുത്ത് നമ്മുടെ വരും തലമുറയെ രക്ഷിക്കാന്‍ നിങ്ങളും എന്നോടൊപ്പം ചേരൂ. പരിസ്ഥിതിയെ നശിപ്പിക്കാന്‍ നമുക്കവകാശമില്ല. അത് വരും തലമുറയ്ക്കവകാശപ്പെട്ടതാണ്.
Saturday, January 28, 2006
മുഖ്യമന്ത്രിക്കൊരു തുറന്ന കത്ത്
Dear Friends, Hon.Chief Minister Oommen Chandy, suffered a fracture after slipping on ice and underwent surgery in Switzerland recently. He will be discharged from the hospital only after a week's time. As per media, CM would have to use crutches for at least six to eight weeks. The mass email petition campaign scheduled for 30-Jan-2006 will not be carried out in view of the above situation. Alternative date would be notified after further discussions.
തിരുത്തലുകൾക്കായി സമർപ്പിക്കുന്നു
ബഹുമാന്യനും ക്രിയോത്സുകനുമായ കേരളാ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയ്ക്ക്,
ഞങ്ങള്‍ ലോകത്തിന്റെ പല കോണുകളിലുമായി ജീവിയ്ക്കുന്ന ഒരു പറ്റം മലയാളികളാണ്. ഉദ്യോഗം, വിദ്യാഭ്യാസം തുടങ്ങിയ ജീവിതസാഹചര്യങ്ങള്‍ മൂലം കേരളത്തില്‍ നിന്നും വളരെ അകന്നു ജീവിക്കുന്നവരാണ് ഞങ്ങളില്‍ ഭൂരിഭാഗവും. എന്നിരുന്നാല്‍ തന്നെയും തങ്ങളുടെ സ്വന്തം നാടിനോട് മറ്റാരേക്കാളും ഒട്ടും കുറവില്ലാത്ത മമതയും വിധേയത്വവും വെച്ചുപുലര്‍ത്തുന്നവരാണ് മറുനാടന്‍ മലയാളികള്‍ എന്ന് അങ്ങേക്കറിയാമല്ലോ. ഇതുകൂടാതെ എണ്ണത്തില്‍ വളരെ കുറവെങ്കിലും, കേരളത്തില്‍ തന്നെ സ്ഥിരതാമസം തുടരുവാന്‍ ഭാഗ്യം ലഭിച്ച കുറച്ചു വ്യക്തികള്‍ കൂടിയുണ്ട് ഈ കത്തെഴുതുന്ന കൂട്ടായ്മയില്‍. ഇന്റര്‍നെറ്റ് എന്ന മാദ്ധ്യമത്തിലൂടെ വളരെ ഫലപ്രദമായും സ്വതന്ത്രമായും മൊത്തം സമൂഹത്തിനു നന്മ എന്ന സദുദ്ദേശ്യത്തോടെ അന്യോന്യം വിനിമയം നടത്തുന്ന ഞങ്ങള്‍ പക്ഷേ ഏതെങ്കിലും സംഘടനയിലോ സ്ഥാപനത്തിലോ പ്രസ്ഥാനത്തിലോ അംഗങ്ങളല്ല
ഞങ്ങളില്‍ ഭൂരിഭാഗവും. തികച്ചും വ്യക്തിസ്വാതന്ത്ര്യത്തില്‍ അധിഷ്ഠിതമായ ഞങ്ങളുടെ കൂട്ടായ്മക്ക് നിയതമായ ഒരു അജണ്ടയോ മുദ്രാവാക്യമോ പോലും ഇല്ല. ഇക്കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍, താങ്കളുടെ സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാരിന്റെ തന്നെ കൃഷിവകുപ്പ് കേരളത്തിലെ കൃഷിക്കാര്‍ക്ക് എലിനിവാരണത്തിനുതകുന്ന റോഡോഫോ (Rodofoe) എന്ന പദാര്‍ത്ഥം വ്യാപകമായും സൌജന്യമായും വിതരണം ചെയ്തതായി അറിയാന്‍ കഴിഞ്ഞു. ഞങ്ങളുടെ ഈ കൂട്ടായ്മയില്‍ സ്ഥിരമായി പങ്കുചേരുന്ന തിരുവനന്തപുരം സ്വദേശിയായ ശ്രീ ചന്ദ്രശേഖരന് നായര്‍ എന്ന തലമുതിര്‍ന്ന, മുഴുവന്‍സമയ ചെറുകിട കര്‍ഷകനും ഈ എലിമരുന്നു വിതരണപരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. ഉല്പാദനക്ഷമതയാര്‍ന്ന കൃഷിയെന്നപോലെത്തന്നെ സ്വന്തം നാട്ടിലെ സുരക്ഷിതമായ പരിസ്ഥിതിയുടേയും ഭവിഷ്യോന്മുഖമായ ആവാസവ്യവസ്ഥയുടേയും പ്രാധാന്യത്തെക്കുറിച്ച് ഒരേപോലെ ഉത്കണ്ഠയുള്ള ഞങ്ങളുടെ ആ സുഹൃത്ത് അദ്ദേഹത്തിന്റെ സുദീര്‍ഘവും വിശാലവുമായ സ്വന്തം ജീവിതാനുഭവങ്ങള്‍ മുന്‍നിര്‍ത്തി ആ അവസരത്തില്‍ അങ്ങയുടെ കീഴിലുള്ള ഉദ്യോഗസ്ഥരോട് വളരെ ന്യായമായ ചില സംശയങ്ങള്‍, ചോദിക്കുകയുണ്ടായി. ഒരു വിമുക്തഭടനും മുന്‍കാലത്ത് വിദേശമലയാളിയും ആയിരുന്നിട്ടുള്ള ശ്രീ ചന്ദ്രശേഖരന് നായര്‍ക്ക് തൃപ്തികരവും വസ്തുനിഷ്ഠവുമായ ഉത്തരങ്ങള്‍ നല്കുവാന് അവിടെ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും തന്നെ കഴിഞ്ഞില്ല. എന്നുമാത്രമല്ല, വിതരണം ചെയ്യപ്പെട്ട പദാര്‍ത്ഥത്തിന്റെ യഥാര്‍ത്ഥ അപകടങ്ങളെപ്പറ്റി ഒരുപക്ഷേ വേണ്ടത്ര ബോധവാന്മാരല്ലാത്ത, ആ ചടങ്ങില്‍ പങ്കെടുത്ത, അനേകം കര്‍ഷകര്‍ക്കിടയില്‍ അവരെല്ലാവരും കൂടി പുച്ഛപരിഹാസാദികളോടെ അദ്ദേഹത്തെ ഒറ്റപ്പെടുത്തുകയുമുണ്ടായി. ഇതിനുശേഷം മനസ്സില്ലാമനസ്സോടെയാണെങ്കിലും അദ്ദേഹം തനിക്കു ലഭിച്ച റോഡോഫാന്‍ പാക്കറ്റുകള്‍ കൂടുതല്‍ പഠനത്തിനുവേണ്ടി കൈപ്പറ്റുകയും ചെയ്തു.
ശ്രീ ചന്ദ്രശേഖരന് നായര്‍ ഇതിനുശേഷം പൂര്‍വ്വാധികം ഉത്കണ്ഠയോടെ, അങ്ങയുടെ തന്നെ സര്‍ക്കാരിന്റെ, ഈ വക കാര്യങ്ങളില്‍ ഉത്തരവാദപ്പെട്ട മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരേയും സമീപിക്കാന്‍ ശ്രമിച്ചു. ഇതിന്റെ ഭാഗമായി അദ്ദേഹം പള്ളിച്ചല്‍ ഏ.ഡി.ഏ.ശ്രീമതി മിനി, സസ്യസംരക്ഷണവകുപ്പിലെ ശ്രീ.(ഡോ.)പി.കെ.ബാബു, തിരുവനന്തപുരം ജില്ലാ മുഖ്യ കൃഷി ആപ്പീസര്‍ (Principal Agriculture Officer) ശ്രീ. ശിവപ്രസാദ് എന്നിവരുമായി ടെലഫോണിലും ബന്ധപ്പെട്ടു. ആദ്യത്തെ രണ്ടു പേരും, ഈ ജോലി മേലുദ്യോഗസ്ഥരുടെ കല്പനപ്രകാരമായതിനാല്‍ ഈ വിഷയത്തില്‍ അവരുടെ നിസ്സഹായത അറിയിച്ച് കൈമലര്‍ത്തി. പക്ഷേ ശ്രീ. ശിവപ്രസാദ് അദ്ദേഹത്തോട് വളരെ അവജ്ഞയും അശ്രദ്ധയും കലര്‍ന്ന രീതിയിലാണു സംസാരിച്ചതെന്ന് ശ്രീ. ചന്ദ്രശേഖരന് നായര്‍ അദ്ദേഹത്തിന്റെ ഇന്റര്‍നെറ്റ് പേജില്‍ തുറന്നു പ്രഖ്യാപിച്ചിട്ടുണ്ട്. മേല്‍വിവരിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്വാഭാവികമായും നിരാശനായ ശ്രീ നായര്‍ ഇവയെല്ലാം തന്റെ ഇന്റര്‍നെറ്റ് പേജില്‍ പ്രസിദ്ധീകരിച്ച്, അവിടത്തെ സ്ഥിരം വായനക്കാരായ ഞങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കുകയുണ്ടായി. പലയിടത്തായി അന്യദേശങ്ങളില്‍ ഒറ്റപ്പെട്ടുകഴിയുകയാണെങ്കിലും, സ്വന്തം മനസ്സും തറവാടും മറ്റു ജീവിതബന്ധങ്ങളും ഇപ്പോഴും നാട്ടില്‍ തന്നെ വെച്ചുപോന്നിട്ടുള്ള ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ എവിടെ നടന്നാലും ഞങ്ങളുടെ സ്വന്തം വീട്ടുകാര്യം തന്നെയാണ്. വിദൂരദേശവാസം എന്ന ദൌര്‍ബല്യം ഒന്നുകൊണ്ടുമാത്രം നിശ്ശബ്ദനായിരിക്കേണ്ടിവരുന്ന ഞങ്ങള്‍ ഇത്തരുണത്തിലെങ്കിലും ശ്രീ ചന്ദ്രശേഖരന് നായരെപ്പോലുള്ള ഒറ്റപ്പെട്ട കര്‍ഷകരോട് അനുതാപവും ആഭിമുഖ്യവും പ്രകടിപ്പിക്കാനാഗ്രഹിക്കുന്നു. കൃത്യബാഹുല്യം കൊണ്ട് വളരെ തിരക്കുപിടിച്ച അങ്ങയുടെ മുന്‍പാകെ ഈ നീണ്ട കത്തു സമര്‍പ്പിക്കുന്നത് താഴെപ്പറയുന്ന ഏതാനും സംശയങ്ങള്‍ വ്യക്തമായി ക്കിട്ടുവാനാണ്.
1. ശ്രീ ചന്ദ്രശേഖരന് നായര്‍ ശരിയായോ തെറ്റായോ വിശ്വസിക്കുന്നതുപോലെ, റോഡോഫോ എന്ന എലിനാശിനിയില്‍ അടങ്ങിയിട്ടുള്ള Bromadiolone വാസ്തവത്തില്‍ അതിശക്തിയേറിയ വിഷപദാര്‍ത്ഥമാണോ?
2. അതിനെക്കുറിച്ച് സ്വതന്ത്രവും മുന്‍വിധികളില്ലാത്തതുമായ പഠനങ്ങള്‍ നമ്മുടെ തന്നെ (കേരളത്തില്‍ തന്നെയുള്ള) രസതന്ത്രഗവേഷകരും ജീവശാസ്ത്രവിദഗ്ദരും നടത്തിയിട്ടുണ്ടോ? അതോ മറ്റാരോ പ്രചരിപ്പിച്ചിട്ടുള്ള അര്‍ദ്ധസത്യങ്ങള്‍ ആധാരമാക്കിയാണോ നമ്മുടെ സര്‍ക്കാര്‍ ഈ നടപടി ആസൂത്രണം ചെയ്തിട്ടുള്ളത്?
3. അഥവാ നമ്മുടെ തന്നെ സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍വ്വകലാശാലകള്‍ അതുമല്ലെങ്കില്‍ ഗവേഷണസ്ഥാപനങ്ങള്‍ അത്തരം പഠനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍, വിശദമായി അറിയുവാന്‍ താല്പര്യമുള്ള ഒരു സാധാരണ കര്‍ഷകനോ കേരളത്തില്‍ ജീവിയ്ക്കുന്ന ഒരു പാവപ്പെട്ട പൌരനോ ആ വിവരങ്ങള്‍ എവിടെനിന്നു ലഭിക്കും?
4. അഥവാ, ദൌര്‍ഭാഗ്യവശാല്‍, ഇത്തരം പഠനങ്ങളുടെ ഫലം അനുസരിച്ച് റോഡോഫോയും അതുപോലുള്ള വിഷങ്ങളും മഹാദ്രോഹകരമാണെന്നു വ്യക്തമായാല്‍, ജനനന്മയെ കരുതി, ഈ വിതരണപരിപാടി, ഇപ്പോള്‍ തന്നെ വൈകിപ്പോയെങ്കിലും, ഉടനടി നിര്‍ത്തിവെക്കാന്‍ അങ്ങയുടെ സര്‍ക്കാര്‍ സന്മനസ്സു കാണിക്കുമോ?
5. അഥവാ, അത്തരം പഠനങ്ങള്‍ ഇതിനകം നടന്നിട്ടേ ഇല്ലായെങ്കില്‍, പുതുതായി അവ സമാരംഭിക്കുവാനും, ഫലങ്ങള്‍ പുറത്തുവരുന്നതുവരെ ഈയിനം പദാര്‍ത്ഥങ്ങളുടെ വിതരണം നിര്‍ത്തിവെക്കാനും, അങ്ങയുടെ ഭരണകൂടം സന്മനസ്സു കാണിക്കുമോ?
6. ഏതെങ്കിലും തരത്തിലുള്ള നിക്ഷിപ്തതാല്പര്യങ്ങളോ വ്യക്തിബന്ധങ്ങളോ ഇത്തരം പദ്ധതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ അവയ്ക്കെതിരെ എന്തുതരം നടപടികളാണ് അങ്ങ് കൈക്കൊള്ളുവാന്‍ തീരുമാനിക്കുന്നത്?
7. പ്രസ്തുത പദ്ധതിയനുസരിച്ച് വിതരണം ചെയ്യപ്പെടുന്ന പാക്കറ്റുകളിലും വിതരണം ചെയ്യപ്പെടുന്ന രീതിയിലും കേന്ദ്ര-കേരള നിയമങ്ങള്‍ അനുസരിച്ചുള്ള ആരോഗ്യ-വിഷവിജ്ഞാനീയ-കാര്‍ഷികസംബന്ധമായ നിബന്ധനകള്‍ പാലിച്ചിട്ടുണ്ടോ?
8. സൌജന്യമായി വിതരണം ചെയ്യപ്പെടുന്നതുകൊണ്ട് ഇത്തരം പദ്ധതികളില്‍ പങ്കുപറ്റുന്ന ഒരാള്‍ക്ക് ഉല്‍പ്പന്നത്തെക്കുറിച്ച് ഉപയോക്താവിനെന്ന നിലയില്‍ അറിയുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുണ്ടോ?
പല സ്രോതസ്സുകളില്‍നിന്നുമായി ഞങ്ങള്‍ക്കു സമ്പാദിക്കാന്‍ കഴിഞ്ഞ വസ്തുതകളനുസരിച്ച്
Bromadiolone അത്യന്തം മാരകവും വിനാശകാരിയും ദീര്‍ഘകാലപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നവയുമാണ്. ലോകത്തിന്റെ മറ്റു പല സ്ഥലങ്ങളിലും ഇതിനകം പരീക്ഷിച്ചു പരാജയപ്പെട്ട് പിന്‍വലിക്കപ്പെട്ടിട്ടുള്ള ഈ രണ്ടാംതലമുറ കീടനാശിനി കൃഷിയ്ക്കുമാത്രമല്ല വരുംതലമുറയില്‍ ജനിക്കാന്‍പോകുന്ന കുട്ടികളടക്കം നാം ജീവിക്കുന്ന ആവാസവ്യവസ്ഥയെ തകിടം മറിക്കാന്‍ പോന്നതാണെന്നാണ് ഞങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
ഇങ്ങനെയൊക്കെയാണെങ്കില്‍കൂടിയും, കീടനാശിനീരസതന്ത്രത്തിലും കൃഷിശാസ്ത്രത്തിലും സാമാന്യത്തില്‍ക്കവിഞ്ഞ അവഗാഹമില്ലാത്ത ഞങ്ങള്‍, ഉത്തമപൌരന്മാരെന്ന നിലയില്‍
കേരളാ സര്‍ക്കാര്‍ ലഭ്യമാക്കുന്ന സത്യസന്ധവും തെളിയിക്കപ്പെട്ടിട്ടുള്ളതുമായ വസ്തുതകള്‍ വായിച്ചറിഞ്ഞ് സമ്പൂര്‍ണ്ണവിനയത്തോടെ അംഗീകരിക്കാന്‍ ബാദ്ധ്യസ്ഥരും സജ്ജരുമാണ്. അതിനാല്‍ മേല്‍പ്പറഞ്ഞ സംശയങ്ങള്‍ക്ക് ന്യായയുക്തമായ നിവൃത്തിയുണ്ടാക്കിത്തരാന്‍ അങ്ങയുടെ ചുമതലപ്പെട്ട വകുപ്പുദ്യോഗസ്ഥന്മാരോട് ഉത്തരവിടുമെന്നു പ്രതീക്ഷിക്കുന്നു. മാത്രമല്ല, ഈ സംശയങ്ങള്‍ക്കുള്ള മറുപടികള്‍ ന്യായമായ സമയപരിധിക്കുള്ളില്‍, ഈ കത്തെഴുതുന്ന ഞങ്ങള്‍ക്കോരോരുത്തര്‍ക്കുമായോ, അതല്ലെങ്കില്‍ ശ്രീ. ചന്ദ്രശേഖരന് നായര്‍ക്കു മാത്രമായോ അയച്ചുതരുവാനും അങ്ങയുടെ ഉദ്യോഗസ്ഥന്മാര് ശ്രദ്ധ ചെലുത്തുമെന്നു വിശ്വസിക്കുന്നു.
പ്രത്യേകിച്ചൊരു നഷ്ടമില്ലാത്തതുകൊണ്ട് പുരോഗമനപരമായ എന്തിനേക്കുറിച്ചും എതിര്‍ക്കുക എന്ന ഒരു അടച്ച നയമുള്ളവരല്ല, പ്രത്യുത, കേരളത്തിന്റെ മൊത്തം അഭിവൃദ്ധിക്കും ആരോഗ്യത്തിനും ഉതകുന്ന കേവലം ശാസ്ത്രീയവും യുക്തവുമായ ഏതു പ്രവര്‍ത്തനത്തിനും സര്‍വ്വാത്മനാ സഹകരിക്കുവാന്‍ തയ്യാറുള്ളവരാണ് ഈ കത്തെഴുതുന്ന ഞങ്ങള്‍ എന്നുകൂടി ഈ അവസരത്തില്‍ വ്യക്തമാക്കിക്കൊള്ളട്ടെ.
മേല്‍വിവരിച്ച പ്രശ്നങ്ങള്‍ക്കു പുറമേ,
അപരിചിതവും അനുഭവവേദ്യവുമല്ലാത്ത ഒരു കീടനാശിനിയോടുള്ള വൈമുഖ്യത്തിനേക്കാള്‍ ഞങ്ങളെ വേദനിപ്പിക്കുന്നത് ശ്രീ ചന്ദ്രശേഖരന് നായര്‍ക്ക് അങ്ങയുടെ ഉദ്യോഗസ്ഥന്മാരില് നിന്നുണ്ടായ അവജ്ഞ കലര്‍ന്ന അനുഭവമാണ്. അങ്ങയെപ്പോലെ തന്നെ, അങ്ങയുടെ ഉദ്യോഗസ്ഥരെപ്പോലെത്തന്നെ, കേരളത്തില്‍ ജീവിയ്ക്കുന്ന ഓരോ പൌരനും അത്ര തന്നെ ഈ രാജ്യത്തിന്റെ പുരോഗതിയിലും ഐശ്വര്യത്തിലും ഒട്ടും കുറയാത്ത ഉത്തരവാദവും അവകാശവും ഉണ്ടെന്നു ഞങ്ങള്‍ ശക്തമായി വിശ്വസിക്കുന്നു. അറിയുവാനും ആദരിക്കപ്പെടുവാനും ഉള്ള ഒരു സാധാരണ പൌരന്റെ അവകാശത്തെയാണ് അങ്ങയുടെ കീഴില്‍ എല്ലാ മലയാളികള്‍ക്കും മാതൃകയായി പ്രവര്‍ത്തിക്കേണ്ട ഇത്തരം ഉദ്യോഗസ്ഥന്മാര് ലംഘിക്കുന്നത്. ഞങ്ങള്‍ വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന, ജനപ്രിയനും കര്‍മ്മനിരതനുമായ ഒരു മുഖ്യമന്ത്രിയുടെ കീഴില്‍, അദ്ദേഹത്തിനും ഞങ്ങള്‍ക്കുമിടയില്‍, ജനനന്മയുടേയും രാജ്യപുരോഗതിയുടേയും നിര്‍ബാധമായ തുടര്‍ച്ചയ്ക്കു തടയിടുന്ന ഇത്തരം ഉദ്യോഗസ്ഥരോടുള്ള ഞങ്ങളുടെ വ്യക്തിപരവും കൂട്ടായുമുള്ള പ്രതിഷേധം ഈ കത്തിലൂടെ ഞങ്ങള്‍ അറിയിക്കുന്നു. ഇത്തരം അനവധാനപൂര്‍ണ്ണമായ പ്രവര്‍ത്തനശീലമുള്ള അങ്ങയുടെ ശമ്പളക്കാരെ ഞങ്ങള്‍ക്കും മൊത്തം കേരളജനതയ്ക്കും വേണ്ടി അങ്ങ് ശക്തമായി താക്കീതു ചെയ്തുകൊള്ളുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.
അംഗീകരിക്കപ്പെട്ട ഔദ്യോഗികമാര്‍ഗ്ഗങ്ങളിലൂടെയല്ലാതെ, ഇത്തരത്തില്‍, ദീര്‍ഘമായ ഒരെഴുത്തെഴുതി അങ്ങയുടെ വിലയേറിയ സമയം അപഹരിക്കുന്നതില്‍ ഞങ്ങള്‍ക്കു ചെറുതല്ലാത്ത കുണ്ഠിതമുണ്ട്. പക്ഷേ, വിഷയത്തിന്റെ വ്യാപകമായ ഗൌരവവും ഞങ്ങളുടെ നിസ്സഹായതയും കണക്കിലെടുത്ത്, ഈ കത്ത് ഒരു ഔദ്യോഗികമായ പരാതിയായിത്തന്നെ അങ്ങു പരിഗണിക്കണമെന്നും യഥാവിധി നടപടിയെടുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
എന്ന്,
അത്യന്തം വിനയാദരങ്ങളോടെ,
വിശ്വസ്തവിധേയന്,
എഴുത്തെഴുതുന്ന ആളുടെ പേര് :
തപാല്‍ വിലാസം :
ഫോണ്‍ നംബര് :
ഈ-മെയില്‍ വിലാസം :
വെബ് സൈറ്റ് അഡ്രസ്സ് :
തീയതി :
Thursday, January 12, 2006
ചില ഇമെയിൽ വിലാസങ്ങൾ
ചെയർമാൻ ദേശീയ കർഷക കമ്മിഷൻ msswami@mssrf.res.in
കേരളത്തിലെ ചിലർ
മുഖ്യമന്ത്രി chiefminister@keralacm.gov.in
കൃഷിവകുപ്പുമന്ത്രി minister-agriculture@kerala.gov.in
അഗ്രികൾച്ചറൽ ഡയറക്ടർ diragri@vsnl.net
അഗ്രികൾച്ചറൽ പ്രൊഡ്ക്ഷൻ കമ്മിഷണർ apc@agri.kerala.gov.in
അഗ്രികൾച്ചറൽ പ്രിൻസിപ്പൽ സെക്രട്ടറി prlsecy@agri.kerala.gov.in
അഗ്രികൾച്ചറൽ സെക്രട്ടറി secy@agri.kerala.gov.in
To verify the reality with this issue contact through the following Phone numbers on working days.
PAO Sivaprasad - 0471 2471434 Email: paotvm@hotmail.com
ADA Mini - 0471 2394322
Agri. Officer Aswathi - 0471 2284122
Monday, January 09, 2006
കീടനാശിനി-രാസവള വിൽപ്പനനിയമങ്ങൾ

എലിവിഷം വരും തലമുറയുടെ ശാപം



Saturday, January 07, 2006
എലിവിഷത്തെപ്പറ്റി ചില ടെലഫോൺ സംഭാഷണങ്ങൾ
പലരുമായി ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും കിട്ടിയത് മൂന്നുപേരെ.
1. പള്ളിച്ചൽ എ.ഡി.എ മിനിയുമായി. ഈ വിഷം എലിയിലൂടെ ഭൂമിയിലെത്തുമെന്നും അവിടെനിന്നും അവസാനമെത്തുന്നത് മനുഷ്യനിലാണെന്നും അത് പലരോഗങ്ങൾക്കും കാരണമാകും എന്നവെളിപ്പെടുത്തലിന് കിട്ടിയ മറുപടി ഈ വിഷപ്രയോഗത്തിന് മുകളിൽ നിന്ന് സർക്കുലർ വന്നതാണെന്നും അതിനാൽ ഞങ്ങൾക്കൊന്നും ചെയ്യുവാൻ കഴിയുകയില്ല എന്നുമാണ്. അപ്പോൾ ഞാൻ പറഞ്ഞത് മുകളിൽ നിന്നു വന്നതുപോലെ മുകളിലോട്ടും ചന്ദ്രശേഖരൻ നായർക്ക് ഇത് ഉപയോഗിക്കുന്നതിനോട് എതിർപ്പുണ്ടെന്നും അറിയിക്കണമെന്നാണ്. എന്തുവിലകൊടുത്തും ഒറ്റക്കാണെങ്കിലും ഞാനിതിനെ എതിർക്കും എന്ന മുന്നറിയിപ്പും നൽകി.
2. പ്ലാന്റ് പ്രൊട്ടെക്ഷന്റെ ഡോ.പി.കെ.ബാബു വായിരുന്നു അടുത്തതായി കിട്ടിയത്. ഈ വിഷത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് അറിയാമായിരുന്ന അദ്ദേഹം ഇത് ഒരു കേന്ദ്ര സർക്കാർ നിർദ്ദേശമായതുകൊണ്ട് സംസ്ഥാന സർക്കാരിനേ എന്തെങ്കിലും ചെയ്യുവാൻ കഴിയൂ എന്ന് വെളിപ്പെടുത്തുകയുണ്ടായി.
3. പി.എ.ഒ ശിവപ്രസാദ് എലിവിഷത്തെപ്പറ്റി സംസാരിച്ചുതുടങ്ങിയപ്പോൾ തന്നെ അദ്ദേഹത്തിന് സംസാരിക്കാൻ സമയമില്ല എന്നായി മറുപടി. അപ്പോൾ ആ കസേരപ്പുറത്തിരിക്കുന്നത് ശമ്പളം വാങ്ങാൻ വേണ്ടിമാത്രമാണോ എന്ന സംശയത്തിണ് ചന്ദ്രശേഖരൻ നായരല്ലല്ലോ ശമ്പളം തരുന്നത് എന്നായി മറുപടി. എല്ലാപേരും ശമ്പളം വാങ്ങുവാനാണ് ജോലിചെയ്യുന്നത് എന്നൊരഭിപ്രായവും. താങ്കളെപ്പോലെയുള്ളവരെയാണ് ഖെരാവോ ചെയ്യേണ്ടത്. അതിനിടയിൽ പോടാ ജോലിനോക്കി എന്നു പറയുമ്പോലെ തോന്നി. അപ്പോഴെനിക്ക് പറയേണ്ടിവന്നു എനിക്ക് 57 വയസ്സ് പ്രായമുണ്ട് എന്ന്. സംസാരത്തിന്റെ സ്വരം മാറുകയും വെങ്ങാനൂരും, കാർഷിക കോളേജിന്റെ നാലുവശവും പച്ചക്കറി കൃഷിക്കായി ഉപയോഗിക്കുന്ന വിഷങ്ങളേക്കാൾ ഇത് വീര്യം കുറഞ്ഞതാണെന്നും എലി നശീകരണത്തിന് ഇത് നല്ലതാണെന്നും ബാലരാമപുരത്തു നടന്ന സെമിനാറിൽ 3000 ത്തിലധികം പേർ രജിസ്റ്റർ ചെയ്ത് ഈ വിഷം വാങ്ങിക്കൊണ്ട് പോയി യെന്നുമാണ്. ഞാൻ അദ്ദേഹത്തെ വിളിച്ചത് വിഷത്തിന്റെ പേരെന്തെന്നറിയുവാനും അതിലെ കെമിക്കലിന്റെ പേരറിയുവാനുമായിരുന്നു. അതിന് കിട്ടിയ മറുപടി പേര് അദ്ദേഹത്തിന് അറിയില്ലയെന്നും വിഷം കൃഷിഭവനിൽ കൊടുത്തിട്ടുണ്ട് അവിടെ ചോദിച്ചാൽ പറഞ്ഞു തരും. ഇത്രയും മാരകമായ വിഷം അദ്ദേഹം പേരുപോലും അന്യേഷിക്കാതെയാണോ കീഴുദ്യോഗസ്ഥരോട് വിതരണം ചെയ്യുവാൻ കൽപിക്കുന്നത്. ഇത്തരം വിഷങ്ങൾ മണ്ണിനെ കൊല്ലുമെന്നും മനുഷ്യനെ രോഗിയാക്കും എന്നു പറഞ്ഞപ്പോൾ അമേരിക്കയും യൂറോപ്യൻ യൂണീയനും ഇടുന്നതിനെക്കാൾ വളരെ കുറച്ചുമാത്രമേ നമ്മൾ രാസവളം ഉപയോഗിക്കുന്നുള്ളുവെന്നാണ്. അപ്പോൾ എനിക്ക് പറയേണ്ടിവന്നു അതുകൊണ്ടുതന്നെയാണ് അവിടെ സോയിൽ ഡിഗ്ര്ഡേഷൻ ക്രമാതീതമായി വർദ്ധിക്കുന്നത് എന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞത് സോയിൽ ഡിഗ്രഡേഷന്റെ കണക്കുകൾ എന്നേക്കാൾ അദ്ദേഹത്തിന് അറിയാമെന്നാണ്. ഇത്രയും അറിവുള്ള വ്യക്തി അറിഞ്ഞുകൊണ്ട് വിതരണം ചെയ്യുന്ന വിഷത്തെപ്പറ്റി പഠിക്കുവാൻ ലോക മൽഅയാളികളുടെ സഹായം തേടേണ്ടി വന്നുവെന്നതാണ് വാസ്തവം. നിങ്ങൾക്ക് വേണ്ടെങ്കിൽ വാങ്ങണ്ട എന്നായി അടുത്ത നിർദ്ദേശം. ഞാൻ പറഞ്ഞു മറ്റുള്ളവർ വാങ്ങുന്നതിൽ ദുഃഖമുള്ളതുകൊണ്ട് ഇത് തടയണമെന്ന് ആവശ്യപ്പെട്ടപ്പോൾ കൃഷിഭവനുകളുടെ പൂർണ നിയന്ത്രണം പഞ്ചായത്തിനാണ് നിങ്ങൾ പോയി പ്രസിഡ്ന്റിനോട് പറയുക എന്നായി. ഞാൻ പറഞ്ഞു അത്രയും വിവരം പ്രസിഡന്റിനുണ്ടെങ്കിൽ ഞാൻ പറയേണ്ടകാര്യമില്ലല്ലോ.
ഓർമയിൽനിന്ന് ചികഞ്ഞെടുത്തതുകാരണം പലതും വിട്ടുപോയിട്ടുണ്ടാവാം. സാർ എന്നെപ്പറ്റി ഇന്റർനെറ്റിൽ ഒന്നു പരിശോധിക്കുക എന്നു പറഞ്ഞപ്പോൾ വീട്ടിൽ എനിക്ക് കമ്പ്യൂട്ടർ ഇല്ല എന്നായി മറുപടി. ഓഫീസിൽ ഉണ്ടല്ലോ എന്നു ചോദിച്ചപ്പോൾ ഉണ്ട് എന്ന മറുപടി കിട്ടി. Brown bast/TPD എന്ന വാക് ഏതെങ്കിലും ഒരു സെർച്ച് എഞ്ചിനിൽ ഒന്നു സെർച്ചുചെയ്താൽ എന്നെപ്പറ്റി
ധാരാളം വിവരങ്ങൾ കിട്ടുമെന്നും അറിയിച്ചു. എന്തായാലും എവിടെയെങ്കിലും വരുമ്പോൾ നേരിൽ കാണാം എന്ന സോപ്പിട്ടൊഴിവാക്കലും കിട്ടി.
Tuesday, January 03, 2006
എലിയെ കൊല്ലാൻ വിഷം

Sunday, January 01, 2006
ഗ്രാമസഭ ജനുവരി 2006

Subscribe to:
Posts (Atom)