എന്നോടൊപ്പം കീടങ്ങളെത്തേടി സഞ്ചരിക്കുന്ന വെള്ളക്കൊക്കുകൾ

എന്തുകൊണ്ട് കൊക്കുകൾക്ക് ഈ ഗതികേട് വന്നു? കാരണം മറ്റൊന്നുമല്ല നെൽകൃഷി പാടെ നശിച്ചപ്പോൾ ആഹാരം തേടുവാൻ കൊക്കുകൾക്ക് മറ്റ് മാർഗമില്ലാതായി. നെൽപ്പാടങ്ങളിൽ ലഭ്യമായിരുന്ന ചെറു മത്സ്യങ്ങളായിരുന്നു ഇവയുടെ പ്രധാന ആഹാരം. നോൺ വെജിറ്റേറിയനായ ഇതിന്റെ വിസർജ്യവും മണ്ണിന് ആവശ്യമാണ്. കോഴികളെപ്പോലെ ഇവയ്ക്ക് ചികഞ്ഞ് തിന്നുവാനറിയില്ല. ആദ്യം എന്നോട് അടുപ്പമില്ലതിരുന്ന ഇവ പശുക്കളെ പുല്ലുതിന്നുവാൻ പുരയിടത്തിൽ കെട്ടിയാൽ ചുറ്റിലും വന്ന് കാവലിരുന്ന് കിട്ടുന്ന കീടങ്ങളെ ഭക്ഷിക്കുമായിരുന്നു. പശുവിന്റെ ശരീരത്തിൽ വന്നിരിക്കുന്ന കീടങ്ങളെപ്പോലും പിടിച്ചു തിന്നും. അങ്ങിനെയാണ് ഇവ എന്നെ പരിചയപ്പെടുന്നത്. എന്നോടൊപ്പം മറ്റാരെയെങ്കിലും കണ്ടാൽ കൊക്കുകൾ പറന്നുകളയും. കൃത്യമായി ഞാൻ ഒരേ സമയത്താണ് ടാപ്പിംഗ് ആരംഭിക്കുന്നത്` എങ്കിൽ ഇവയും എന്നോടൊപ്പം കാണും. ഒരുദിവസം അൽപ്പം നേരത്തെ ടാപ്പിംഗ് തുടങ്ങിയാൽ ഇവ കൃത്യ സമയത്തേ വരുകയുള്ളു. ഒരുദിവസം മുടങ്ങിയാൽ അടുത്തദിവസം വരുകയുമില്ല. എനിക്ക് പക്ഷിപ്പനി വരും അതുകൊണ്ട് ഇവയെ കൊല്ലാൻ പറഞ്ഞാൽ ഞാനത് അനുസരിക്കാൻ തയ്യാറല്ല. കീടനാശിനികൾ ഉപയോഗിക്കാത്ത എന്റെ പുരയിടത്തിൽ നിന്നും കിട്ടുന്ന ഭക്ഷണം അവയുടെ ശരീരത്തിന് രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള കഴിവ് വർദ്ധിപ്പിക്കും. തെറ്റായ രീതിയിൽ എന്റെ കൈ അനങ്ങിയാലും ഇവ ഭയപ്പെടുന്നു. കാരണം മനുഷ്യരെ ഇതിന് ഭയമാണ് എന്നതുതന്നെ.