ചില അഭിപ്രായങ്ങള്‍
ജൈവ ജൈവേതരമാലിന്യങ്ങള്‍ ഉറവിടത്തില്‍ വേര്‍തിരിക്കുകയും ജൈവ മാലിന്യങ്ങള്‍ മാത്രം ശേഖരിച്ച് കമ്പോസ്റ്റാക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഇന്നത്തെ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. അപ്പോള്‍ യഥാര്‍ത്ഥ പ്രശ്നക്കാരന്‍ ജൈവേതരമാലിന്യങ്ങള്‍ തന്നെയാണ്. അവ കെമിക്കലുകളും അവയുടെ കവറുകളും, പ്ലാസ്റ്റിക് കവറുകളും (അവനാണ് വില്ലന്‍), സ്നഗ്ഗി, സാനിറ്ററി നാപ്കിന്‍, ഫ്യൂസായ ബള്‍ബ്, ട്യൂബ് മുതലായവയും മറ്റ് ജൈവേതരമാലിന്യങ്ങളും കൂടി കൂട്ടിക്കലര്‍ത്തി സംസ്കരിക്കുമ്പോള്‍ ബാക്കിവന്നവ മണ്ണില്‍ കുഴിച്ചുമൂടി. ഉപദേശം നല്‍കാന്‍ വിദഗ്ധസമിതികളും. അതും സൗജന്യമായിട്ടല്ല സാമ്പത്തിക നേട്ടത്തോടെതന്നെയായിരുന്നു.
മലയാളികളുടെ വിവേകവും കഴിവും മാലിന്യ സംസ്കരണ വിഷയത്തില്‍ എന്തുകൊണ്ടാവാം പ്രയോജനപ്പെടുത്താന്‍ കഴിയാതാവുന്നത്? ജൈവേതരമാലിന്യങ്ങള്‍ മണ്ണില്‍ വീഴാന്‍ പാടില്ലാത്തവ വേര്‍തിരിച്ച് സംഭരിക്കുവാനും അവ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ (ഒരു പരിധിവരെയെങ്കിലും) റീസൈക്ലിംഗിനും, പുനരുപയോഗത്തിനും പ്രയോജനപ്പെടുത്തുവാന്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന് കഴിയാത്തിടത്തോളം ഉറവിട മാലിന്യ സംസ്കരണം വിജയത്തിലെത്തുക അസാധ്യമാണ്. അത്നാലാണ് തുമ്പൂര്‍മൂഴി മോഡല്‍ എയറോബിക് കമ്പോസ്റ്റ് ബിന്നുകള്‍ വേലികെട്ടി താഴിട്ട് പൂട്ടേണ്ടിവരുന്നതും നിശ്ചിത സമയത്തുമാത്രം ജൈവമാലിന്യം സ്വീകരിക്കേണ്ടി വരുന്നതും.
ഇലക്ട്രോണിക് വസ്തുക്കള്‍ പാഴായ ബള്‍ബ് ഉള്‍പ്പെടെ തിരികെ എടുക്കുവാന്‍ അവയുടെ നിര്‍മ്മാതാക്കളെ ചുമതലപ്പെടുത്തണം. അതിന് പല മാര്‍ഗങ്ങള്‍ സ്വീകരിക്കാം. ഓരോ കമ്പനിയുടെയും ഉത്പന്നങ്ങള്‍ അതേ കമ്പനികളെത്തന്നെ തിരികെ ഏല്‍പ്പിക്കാം. അപ്രകാരം പുതിയവ വാങ്ങുമ്പോള്‍ പഴയത് തിരിച്ചെടുത്തുകൊണ്ട് വിലയിലും ചെറിയ ഇളവ് നല്‍കാന്‍ കഴിയും. അവര്‍ അത് തിരികെ എടുക്കാന്‍ തയ്യാറല്ലെങ്കില്‍ അവരുടെ ഉത്പന്ന വിപണനം നിരോധിക്കാം. ജൈവേതര മാലിന്യങ്ങള്‍ തരംതിരിച്ച് സംഭരിക്കാനവസരമൊരുക്കേണ്ടതും പഞ്ചായത്തിന്റെയും, മുനിസിപ്പാലിറ്റിയുടെയും, കോര്‍പ്പറേഷന്റെയും ചുമതലയില്‍ തന്നെയാണ്.
വ്യവസായങ്ങള്‍ തുടങ്ങണമെങ്കില്‍ പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡിന്റെ അനുമതി വേണമെന്നിരിക്കെ അനുവാദം ലഭിച്ച പല വ്യവസായങ്ങളും പരിസ്ഥിതി മലിനീകരണം നടത്തുമ്പോള്‍ ജനം സമരം ചെയ്യേണ്ടിവരുന്നു. അതിനര്‍ത്ഥം എന്തൊക്കെയോ തെറ്റുകള്‍ പ്രസ്തുത ബോര്‍ഡില്‍ നടക്കുന്നുണ്ട് എന്നതാണ്. അഞ്ച് പശുക്കളില്‍ കൂടുതല്‍ വളര്‍ത്തുവാനും അവരുടെ അനുവാദം വേണം. എന്നാല്‍ മാലിന്യ സംസ്കരണത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുന്ന ചാണകം പ്രയോജനപ്പെടുത്തുവാന്‍ പഞ്ചായത്തിനും, മുനിസിപ്പാലിറ്റിക്കും കോര്‍പ്പറേഷനും കഴിയാതെ പോകുന്നു. ഇറച്ചിക്കടകളിലെ മാലിന്യത്തില്‍ വിറ്റഴിക്കാന്‍ കഴിയുന്നതെല്ലാം പട്ടികള്‍ക്ക് വരെ ആഹാരമായി എത്തിക്കുന്നു. അതേ സമയം ബാക്കി വരുന്നവ പാതിരാനേരത്ത് നദികളിലും, വിജന സ്ഥലങ്ങളിലും മറ്റും നിക്ഷേപിക്കുന്നു. അവ സംഭരിച്ച് കേന്ദ്രീകൃത മാലിന്യ സംസ്കരണം നടത്തുവാന്‍ തയ്യാറാവുന്ന പുതിയ കമ്പനികള്‍ പഴയ പരാജയപ്പെട്ട മാലിന്യ സംസ്കരണരീതിയായി മാറും. എന്നുവെച്ചാല്‍ പരിസ്ഥിതി മലിനീകരണം ഉറപ്പ് എന്നര്‍ത്ഥം.
ഒരു കാലത്ത് തിരുവനന്തപുരം പോലുള്ള നഗരങ്ങളില്‍ കക്കൂസ് മാലിന്യവും, ചപ്പ് ചവറുകളും കലര്‍ത്തി കമ്പോസ്റ്റ് നിര്‍മ്മിക്കുകമാത്രമല്ല വേസ്റ്റ് ജലം ഉപയോഗിച്ച് തീറ്റപ്പുല്‍കൃഷിയും നടത്തിയിരുന്നു. അത്തരം കേന്ദ്രീകൃത പദ്ധതി പല കാരണങ്ങള്‍ കൊണ്ടും പരാജയപ്പെടുകയും ജലസ്രോതസ്സുകളിലെല്ലാം മനുഷ്യവിസര്‍ജ്യം കലരുന്ന അവസ്ഥയിലെത്തിച്ചേരുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഓരോ പ്രദേശത്തിനും യോജിച്ച തനത് നാടന്‍ പശുക്കളുടെ വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുകയും, താല്പര്യമുള്ളവരെക്കൊണ്ട് അവ വളര്‍ത്തുവാന്‍ അവസരമൊരുക്കുകയും ചെയ്താല്‍ ഉറവിടത്തില്‍ വേര്‍തിരിച്ച മാലിന്യ സംസ്കരണം ഒരു പ്രശ്നമേ ആവില്ല. തദവസരത്തിലാണ് തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ടെക്നിക് ഫലപ്രദമായി പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുകയും ചെയ്യുക. അപ്രകാരം ഉണങ്ങിയ ചവറും, ചാണകവും ഉപയോഗിച്ച് ഇറച്ചി, കോഴി, ജൈവ വേസ്റ്റുകള്‍ മുതലായവ എയറോബിക് കമ്പോസ്റ്റിംഗ് രീതിയില്‍ സംസ്കരിക്കാം.
മനുഷ്യവിസര്‍ജ്യവും അടുക്കള വേസ്റ്റും, കേടായ ഭക്ഷ്യ വേസ്റ്റും ബയോഗ്യാസ് പ്ലാന്റുകളില്‍ നിക്ഷേപിക്കാം. അക്കാര്യത്തില്‍ മലയാളിയുടെ അറപ്പും വെറുപ്പും മാറ്റിയെടുക്കുവാന്‍ കക്കൂസ് വിയര്‍ജ്യത്തില്‍നിന്ന് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്ന പ്ലാന്റുകള്‍ സന്ദര്‍ശിക്കുവാനുള്ള അവസരമൊരുക്കുകയും വേണം. അപ്രകാരം ലഭിക്കുന്ന സ്ലറി പരിസ്ഥിതി മലിനീകരണം ഉണ്ടാക്കാത്ത രീതിയില്‍ പ്രയോജനപ്പെടുത്തുകയും വേണം. ചാണകത്തോടൊപ്പം കക്കൂസ് വിസര്‍ജ്യവും ബയോഗ്യാസ് പ്ലാന്റുകളില്‍ നിക്ഷേപിക്കുന്നതിലൂടെ നല്ലൊരു ശതമാനം എല്‍.പി.ജി ലാഭിക്കാന്‍ കഴിയും. സ്ലറിയെ മഴനനയാതെ മണ്ണില്‍ (ലാറ്ററൈറ്റ് സോയിലില്‍ പാടില്ല) കെട്ടിനിറുത്തി ജലം വാര്‍ന്ന് കട്ടിരൂപത്തിലാകുന്ന സ്ലറിയും എയറോബിക് കമ്പോസ്റ്റ് ബിന്നുകളില്‍ നിക്ഷേപിക്കാം ചാണകത്തിന് പകരമായി. വികേന്ദ്രീകൃത മാലിന്യ സംസ്കരണം തന്നെയാണ് പരിസ്ഥിതിയെ രക്ഷിക്കുവാനുള്ള ലളിതമായ മാര്‍ഗവും ഓരോ പൗരന്റെയും കടമയും. ഇതോടൊപ്പം വീടുകള്‍തോറും പച്ചക്കറികൃഷിയും പ്രോത്സാഹിപ്പിക്കാം. വിഷമുക്തമായ ഭക്ഷണം നമുക്ക് സ്വയം ഭക്ഷിക്കുകയും ഉറ്റവര്‍ക്കും ഉടയവര്‍ക്കും നല്‍കുകയും ചെയ്യാം.
ഉറവിടമാലിന്യ സംസ്കരണത്തെ അട്ടിമറിക്കുവാനായി ശുചത്വ ബോധമുണ്ടായിരുന്ന വാസുകി ഐ.എ.എസിനെ മാറ്റി ദിലീപ്കുമാറിനെ ശുചിത്വമിഷന്‍ ഡയറക്ടറായി പ്രതിഷ്ടിച്ചത് സംശയം ജനിപ്പിക്കുന്നു. ഉറവിടത്തില്‍ മാലിന്യം വേര്‍തിരിക്കാത്തതിനാല്‍ എല്ലാം കൂടി കൂട്ടിക്കലര്‍ക്കി ഈര്‍പ്പമുള്ള മാലിന്യമുള്‍പ്പെടെ എഴുപത്കോടി രൂപ ചെലവില്‍ പലയിടങ്ങളിലായി കത്തിക്കുവാനുള്ള നീക്കം ആരംഭിച്ചുകഴിഞ്ഞു. ഇന്ന് സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പോലും ഇത്തരം കൂട്ടിക്കലര്‍ത്തിയുള്ള കത്തിക്കല്‍ ഹാനികരമാണെന്ന് അറിയാം. ആംഗലേയത്തിലുള്ള പ്രസ്തുത വാര്‍ത്തയുടെ ലിങ്കിതാണ്.
ഉറവിട മാലിന്യ സംസ്കരണം പരിസ്ഥിതി പരിപാലനത്തിന് അനിവാര്യം. ജലസ്രോതസ്സുകളെ മലിനപ്പെടുത്താതിരിക്കുക എന്നത് നമ്മുടെ കടമ.