Showing posts with label മാലിന്യസംസ്കരണം. Show all posts
Showing posts with label മാലിന്യസംസ്കരണം. Show all posts

Tuesday, December 11, 2012

മാലിന്യസംസ്കരണത്തിന് ശുചിത്വമിഷന്‍ ഫണ്ട്

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി പഞ്ചായത്ത് ഒരു പടികൂടി മുന്നിലെത്തിയിരിക്കുന്നു. അറുപതിനായിരം രൂപ ആത്മ ഫണ്ട് ഉപയോഗിച്ച് കേരള വെറ്റിറനറി കോളേജില്‍ മിന്ന് അഞ്ച് ബിന്നുകള്‍ തൂമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ടെക്നിക്സിന് തുടക്കം കുറിക്കുകയും പഞ്ചായത്തില്‍ നിന്ന് നാല്പതിനായിരം രൂപ ലഭ്യമാക്കിക്കൊണ്ട് മൂന്ന് ലക്ഷം രൂപ (എഴുപത്തിയഞ്ച് ശതമാനം) അനുവദിച്ച് കിട്ടുകയും ചെയ്തു. ഇന്ന് ഒരുദിവസം കൂടി പ്രജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി അവസരമുണ്ട്. കൊടുവള്ളി പഞ്ചായത്തിന്റെ അപ്രോവ്ഡ് പ്രോജക്ട് ഇതാണ്. മാലിന്യ സംസ്കരണത്തിനായി തയ്യാറാക്കിയ പ്രോജക്ട് ഇതാണ്. മറ്റ് പഞ്ചായത്തുകള്‍ക്കും കൊടുവള്ളി മാതൃകയില്‍ ആത്മ ഫണ്ട് ലഭിക്കുമായിരുന്നു. സമയം വൈകിയതിനാല്‍ ഇരുപത്തി അയ്യായിരം രൂപ (പതിനഞ്ച് ശതമാനം പഞ്ചായത്തും പത്തുശതമാനം സന്നദ്ധ സംഘടനകള്‍ പോലുള്ളവയും എടുത്താല്‍) പഞ്ചായത്ത് ലഭ്യമാക്കിയാല്‍ എഴുപത്തിയഞ്ചു ലക്ഷം രൂപ മറ്റ് പഞ്ചായത്തുകള്‍ക്കും മാലിന്യ സംസ്കരണത്തിനായി ശുചിത്വമിഷനില്‍നിന്ന് ലഭ്യമാക്കുവാന്‍ സാധിക്കും.

Sunday, October 21, 2012

കൊടുവള്ളി പഞ്ചായത്തിനെ നമുക്ക് മാതൃകയാക്കാം

 കോഴിക്കോട് ജില്ലയിലെ കൊടുവള്ളി പഞ്ചായത്തില്‍ അഗ്രിക്കള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് എജന്‍സി യുടെ (ATMA) ഗ്രൂപ്പ് മൊബിലൈസേഷന്‍ ഫണ്ടായ 60,000 രൂപ ഉപയോഗിച്ചും മൃഗസംരക്ഷണവകുപ്പിന്റെ മേല്‍നോട്ടത്തിലും കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പിലാക്കിയ മാലിന്യ സംസ്കരണം മറ്റ് പഞ്ചായത്തുകള്‍ക്കൊരു മാതൃകയാണ്. ഒരു ഗ്രൂപ്പില്‍ അഞ്ച് മുതല്‍ ഇരുപതുവരെ അംഗങ്ങളെവെച്ച് അയ്യായിരം രൂപയുടെ ഫണ്ട് ഉപയോഗിക്കാം. അറുപതുപേര്‍ക്ക് പങ്കാളികളാകുവാന്‍ കഴിയുന്ന പദ്ധതിയാണിത്. പന്ത്രണ്ടുപേരടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളാണ് ഉദ്ദേശിക്കുന്നത്. കൊടുവള്ളി ടൌണിലെ കടകളില്‍നിന്നും മാലിന്യമെടുത്ത് സംസ്കരിക്കാനാണ്  ആദ്യം തീരുമാനിച്ചത്. മലിന്യസംസ്കരണത്തിനുള്ള 42500 രൂപയുടെ  ബിന്നും (Click to see the bin - TMACT - തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റ്ക് ടെക്നിക്) 5750 രൂപ കൊണ്ടുവരുവാനുള്ള ചെലവും ഉണ്ടായി. ബിന്നുകള്‍ എന്നത് വെറ്റിറനറി യൂണിവേഴ്സിറ്റിയില്‍ ഫെറോസിമെന്റ് കൊണ്ട് നിര്‍മ്മിച്ച എയറോബിക് കമ്പോസ്റ്റ് പ്ലാന്റാണ്. ബിന്നുകള്‍ എവിടെ വെയ്ക്കുക എന്നത് വലിയ ഒരു പ്രശ്നം തന്നെയാണ്. പൊതുജനത്തിന്റെ മുന്നില്‍ ഈ ബിന്നുകള്‍ കിട്ടിയാല്‍ ജൈവേതരമാലിന്യങ്ങളാവും കൂടുതലായി അതില്‍ കൊണ്ടിടുക. പഞ്ചായത്ത് വക ഷെഡ് ഉണ്ടാക്കി ഈ ബിന്നുകള്‍ വെയ്ക്കല്‍ എന്നത് ചെലവേറിയതാകയാല്‍ അറുപത് കുടുംബശ്രീ പ്രവര്‍ത്തകരെ വിളിച്ചുകൂട്ടുകയും അതിലൊരു സ്ത്രീ അവരുടെ പറമ്പില്‍ വെയ്ക്കാമെന്ന് സമ്മതിക്കുകയും അത് പരിഗണിക്കുകയും ചെയ്തു. വിളപ്പില്‍ശാലയും ലാലൂരും കണ്ടിട്ടുള്ളവരെക്കൊണ്ട് ഇപ്രകാരമൊരു തീരുമാനമെടുപ്പിക്കുക അസാധ്യമാണ്. മുളയും മെടഞ്ഞ ഓലയും കൊണ്ട് മേല്‍ക്കൂര ഉണ്ടാക്കുവാന്‍ കഴിഞ്ഞാല്‍ പരിസ്ഥിതി സൌഹൃദമായി മാറുകയും ചെയ്യും.

ആദ്യം കൊണ്ടുവന്ന അഞ്ച് ബിന്നുകള്‍ രണ്ടര സെന്റോളം സ്ഥലത്ത് വെയ്ക്കുകയും കൈക്കോട്ട്, ഷവല്‍, വേസ്റ്റ് ശേഖരിക്കുവാനുള്ള ബക്കറ്റ് മുതലായവ എന്നിവ വാങ്ങുകയും, ഇതോടൊപ്പം സഹകരിച്ചില്ല എങ്കില്‍ ലൈസന്‍സ്  റദ്ദാക്കും എന്ന പഞ്ചായത്തിന്റെ കര്‍ശന നിര്‍ദ്ദേശം കച്ചവടസ്ഥാപനങ്ങള്‍ക്ക് നല്‍കുകയും ചെയ്ത. അഞ്ചുകിലോ വരെ മാലിന്യമുള്ള കടകളില്‍ നിന്ന് പത്തുരൂപയും അതിന് മുകളില്‍ പതിനഞ്ചും ഇരുപതും രൂപ വാങ്ങിക്കുന്നു. പഞ്ചായത്ത് രസീത് നല്‍കിയാണ് മാലിന്യം ശേഖരിക്കുന്നത്. ജൈവേതര മലിന്യവും ജൈവമാലിന്യവും വെവ്വേറെ വെയ്ക്കുവാന്‍ കടക്കാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. പെട്ടി ആട്ടോയില്‍ ദിവസവും പ്ലാസ്റ്റിക് മാലിന്യം ഒരു ബക്കറ്റിലും, മറ്റൊരു ബക്കറ്റില്‍ ജൈവമാലിന്യവും മൂന്നാമത്തെ ബക്കറ്റില്‍ സംസ്കരണത്തിന് ഉപയോഗിക്കാവുന്ന ഉണങ്ങിയ ചപ്പ് ചവറുകള്‍, വൈയ്ക്കോല്‍, പേപ്പര്‍ മുതലായവയും ജൈവ പാക്കിംഗ് മെറ്റീരിയലുകളും ശേഖരിക്കുന്നു. നാലാമതൊരു ബക്കറ്റ് വെച്ചാല്‍ മത്സ്യ, മാംസ്യ, കോഴി വേസ്റ്റും സംഭരിക്കാവുന്നതെ ഉള്ളു. അതിന് കടയൊന്നിന് 50 രൂപയില്‍ക്കൂടുതല്‍ വാങ്ങുവാനും കഴിയും. മൂന്ന് പേര്‍ 150 രൂപ വേതനവും പറ്റിക്കൊണ്ടാണ് മാലിന്യങ്ങള്‍ പ്ലാന്റിലേയ്ക്കെത്തിക്കുന്നത്. ഇവയെ ചാണകവും ചപ്പുചവറും മാലിന്യങ്ങളും ലയറുകളായി ബിന്നില്‍ നിറയ്ക്കുന്നു.   ബിന്നുകള്‍ സൂക്ഷിക്കുന്നതിന് വസ്തുവിന്റെ ഉടമയ്ക്ക്  പ്രിതിദിനം 100 രൂപ തറയുടെ വാടകയായി മാസം 3000 രൂപയും പരിപാലനത്തിന് പ്രതിദിനം 100 രൂപനിരക്കില്‍ മാസം 3000 രൂപയും നല്‍കും. അങ്ങിനെ 6000 രൂപ അവര്‍ക്ക് മാസവരുമാനവും ഇതിലൂടെ ലഭിക്കുന്നു. പ്ലാസ്റ്റിക് മാലിന്യം കഴുകി ഉണക്കി ചാക്കുകളിലാക്കി മറ്റൊരു അംഗത്തിന്റെ ഒഴിഞ്ഞ ഷെഡിലോ മറ്റോ വെയ്ക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഇപ്രകാരം ചെയ്യുന്നതിന് 150 രൂപ കൂലിയായി നല്‍കും. അവ മാസത്തിലൊരു തവണ പ്ലാസ്റ്റിക് പ്രൊസസ്സിംഗ് സെന്ററുകളില്‍ എത്തിക്കും. ആക്രി കടകള്‍ക്ക് കൈമാറാന്‍ കഴിയുന്നവ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുതന്നെ കൈമാറാനും കഴിയും. ഒരു സി.ഡി.എസ് പ്രതിനിധി അക്കൌണ്ടിംഗ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഓവറാള്‍ സൂപ്പര്‍വിഷന്‍ സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ ആണ് നിര്‍വ്വഹിക്കുന്നത്.
തുടക്കത്തില്‍ത്തന്നെ ജൈവ, ജൈവേതരമാലിന്യങ്ങള്‍ വെവ്വേറെ ശേഖരിക്കുന്നതിനാല്‍ ജൈവമാലിന്യം കൂടുതല്‍ മെച്ചപ്പെട്ട ജൈവവളമാക്കി മാറ്റുവാന്‍ കഴിയുന്നു. വളമുണ്ടാക്കിക്കഴിഞ്ഞാല്‍ കുടുംബശ്രീയുടെ ലേബലില്‍ വിപണനം നടത്തുകയാണ് ലക്ഷ്യം. വളത്തിന്റെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് അഗ്രിക്കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മന്റില്‍ നിന്ന് വാങ്ങിവെയ്ക്കുകയും അഞ്ച് കിലോയുടെ ന്യൂസ് പേപ്പര്‍ പായ്ക്കറ്റുകള്‍ കിലോ ഒന്നിന് പത്തുരൂപ നിരക്കില്‍ ആവശ്യക്കാര്‍ക്ക് പൂന്തോട്ടം, പച്ചക്കറി എന്നിവയുടെ വളപ്രയോഗത്തിന് വില്‍ക്കുവാനും സാധിക്കും. മാലിന്യ ക്കൂമ്പാരങ്ങളുടെ ഉറവിടങ്ങളായ ലാലൂരിനും, വിളപ്പില്‍ശാലയ്ക്കും കൊടുവള്ളി പഞ്ചായത്ത് ഒരു മാതൃക തന്നെയാണ്.
നവംബര്‍ 1 ന് ഈ പദ്ധതി ഉത്ഘാടനം ചെയ്യുകയാണ്. പഞ്ചായത്ത് പ്രസിഡന്റിന്റെയും, സി.ഡി.എസ് ചെയര്‍ പെഴ്സണിന്റെയും പേരില്‍ ജോയിന്റ് അക്കൌണ്ട് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ തുറക്കുന്നതും കണക്കുകള്‍ പരിപാലിക്കുന്ന സി.ഡി.എസിന് 1500 രൂപ പ്രതിമാസ ശമ്പളമായി നല്‍കുന്നതുമാണ്. കൊടുവള്ളി പഞ്ചായത്തില്‍ നൂറ് ശതമാനം സുതാര്യത ഉറപ്പാക്കുന്ന വികേന്ദ്രീകൃത മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ഉപജ്ഞാതാവ് ഡോ.ഗീതയ്ക്ക് (Facebook ID)അഭിനന്ദനങ്ങള്‍.
കൊടുവള്ളി പഞ്ചായത്തിന് കേരളഫാര്‍മര്‍ (ചന്ദ്രശേഖരന്‍ നായര്‍) അഭിനന്ദനങ്ങളുടെ ഒരു പൂച്ചെണ്ട് സമര്‍പ്പിക്കുന്നു.


Thursday, October 18, 2012

വികേന്ദ്രീകൃത മാലിന്യ സംസ്കരണം, പരിസ്ഥിതി പരിപാലനം, ആരോഗ്യ സംരക്ഷണം


കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് മാലിന്യക്കൂമ്പാരങ്ങളുടെ നാടായി മാറിയിരിക്കുന്നു. തിരുവനന്തപുരത്തെ നഗരമാലിന്യം വിളപ്പില്‍ പഞ്ചായത്തിലെ വിളപ്പില്‍ശാലയില്‍ നിക്ഷേപിച്ച് വര്‍ഷങ്ങള്‍കൊണ്ട് ഉടലെടുത്തത് പരിഹാരമില്ലാത്ത പ്രശ്നങ്ങളാണ്. സംസ്ഥാന സര്‍ക്കാരും നഗരസഭയും തമ്മില്‍ ഏറ്റുമുട്ടുകയും മാലിന്യം നിക്ഷേപിക്കുവാന്‍ നിവൃത്തിയില്ലാതെ നഗരവാസികളും, വിളപ്പില്‍ശാലയില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുകയില്ല എന്ന് ഒറ്റക്കെട്ടായി ഗ്രാമവാസികളും പറയുന്നു. വിളപ്പില്‍ പഞ്ചായത്തുകാരുടെ ഒരുമയോടെയുള്ള സമരം മറ്റുള്ളവര്‍ മാതൃകയാവുകയും കേന്ദ്രീകൃത മാലിന്യ നിക്ഷേപത്തിനും സംസ്കരണത്തിനും എതിരെ ജനം ഒറ്റക്കെട്ടായി ഇറങ്ങുകയും ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. വിളപ്പില്‍ സമരത്തിന്റെ പരിണിത ഫലമായി നഗരത്തിലെ ഓടകളും, റോഡിന്റെ ഇരു വശങ്ങളും ആള്‍ത്താമസമില്ലാത്ത ഇടങ്ങളുമെല്ലാം പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും കെട്ടി വലിച്ചെറിഞ്ഞ മാലിന്യക്കൂമ്പാരങ്ങളാണ്. മഴയുടെ കുറവ് കാരണം പലര്‍ക്കും ഇവയില്‍ നല്ലൊരുഭാഗം ചുട്ടു കരിക്കാന്‍ സാധിച്ചു. വിളപ്പില്‍ശാലയിലെ അശാസ്ത്രീയ മാലിന്യ സംസ്കരണത്തിലൂടെ ജലമലിനീകരണം രൂക്ഷമായപ്പോള്‍ നഗരത്തിലെ വായു മലിനീകരണമാണ് രൂക്ഷമായത്. നഗരത്തില്‍ മലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരെ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടും മാറ്റം ഒന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ തുലാവര്‍ഷം ആരംഭിച്ചപ്പോള്‍ത്തന്നെ നഗരവും മറ്റൊരു വിളപ്പില്‍ശാലയായി മാറുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുക. ഇത് തിരുവനന്തപുരത്തെ മാത്രം കാര്യമല്ല. കേരളത്തിന്റെ മുഴുവന്‍ അവസ്ഥയും ഇതുതന്നെയാണ്. നഗര ഗ്രാമ വ്യത്യാസമില്ലാതെ കൃഷിസ്ഥലങ്ങളില്‍ ജൈവ, ജൈവേതരമാലിന്യങ്ങള്‍ കലര്‍ത്തി വലിച്ചെറിഞ്ഞ് ദുരിതത്തിലായ കര്‍ഷകരെ വീണ്ടും ബുദ്ധിമുട്ടിക്കുകയാണ്.

 വിളപ്പില്‍ശാലയിലെ സമരം ചെയ്യുന്ന സംയുക്തസമരസമിതിയ്ക്ക് അഭിവാദ്യങ്ങളര്‍പ്പിക്കുവാന്‍ വിദ്യാസമ്പന്നരായ രണ്ട് ചെറുപ്പക്കാരായ നഗരവാസികളെയും കൂട്ടി ചെല്ലുകയും വിളപ്പില്‍ ജനതയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് അല്പസമയം സംസാരിക്കുവാന്‍ അവസരം ലഭിക്കുകയും ചെയ്തു. എന്റെ അവതരണം വീഡിയോ ആയി റിക്കോര്‍ഡ് ചെയ്തത് ശ്രീ കപില്‍ ശ്രീധര്‍ എന്ന തൈക്കാട് സ്വദേശിയാണ്.

രണ്ട്  ഭാഗങ്ങളായി റിക്കോര്‍ഡ് ചെയ്തതിന്റെ ആദ്യഭാഗം ചുവടെ ചേര്‍ക്കുന്നു.



രണ്ടാംഭാഗം ഇതാണ്.



മാലിന്യപ്രശ്നം ഇത്രയും രൂക്ഷമായതെന്തുകൊണ്ട്? ഉത്തരം ഒന്നേ ഉള്ളു. ജൈവേതരമാലിന്യങ്ങള്‍ ജൈവമാലിന്യങ്ങള്‍ക്കൊപ്പം കലരുന്നതുതന്നെയാണ്. ഇവയെ തുടക്കത്തില്‍ത്തന്നെ കൂട്ടിക്കലര്‍ത്താതെ വെവ്വേറെ സംഭരിക്കുകയും വികേന്ദ്രീകൃതമായി ലീച്ചിംഗ് ഇല്ലാതെയും മീഥൈന്‍ എമല്‍ഷന്‍ ഒഴിവാക്കിയും ജൈവ മാലിന്യങ്ങള്‍ സംസ്കരിക്കാം. അതിന് ലോകമെമ്പാടും വിവിധ മാതൃകയില്‍ നടപ്പിലാക്കിയ ഒന്നാണ് എയറോബിക് കമ്പോസ്റ്റിംഗ് ടെക്നിക്. ജൈവ, ജൈവേതരമാലിന്യങ്ങള്‍ കൂട്ടായി സംസ്കരിച്ചതിലൂടെ വളത്തിന്റെയും പരിസര ജലത്തിന്റെയും ടോക്സിസിറ്റി വര്‍ദ്ധിക്കുകയും ഘനലോഹങ്ങളുടെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങള്‍ പലര്‍ക്കും അറിയാമെന്നുള്ളതുകൊണ്ടാണ് നഗരത്തില്‍ രണ്ട് ബക്കറ്റുകള്‍ നല്‍കി വെവ്വേറെ സംഭരിക്കാന്‍ അവസരമൊരുക്കിയത്. എന്നാല്‍ അവയെ വീണ്ടും കൂട്ടിക്കലര്‍ത്തി വിളപ്പില്‍ശാലയില്‍ എത്തിക്കുകയാണ് ചെയ്തത്. വിളപ്പില്‍ശാല പ്ലാന്റിന് പിന്നില്‍ വിദഗ്ധോപദേശം കൊടുത്തവരെ സംശയ ദൃഷ്ടിയോടെ കാണേണ്ടിയിരിക്കുന്നു അല്ലെങ്കില്‍ അവര്‍ മാലിന്യ സംസ്കരണത്തിന്റെ കാര്യത്തില്‍ വിദഗ്ധരല്ല എന്നുവേണം മനസിലാക്കാന്‍.

നഗരമാലിന്യങ്ങളെല്ലാം കൂടി വിവിധ പാറമടകളില്‍ നിക്ഷേപിക്കുകയെന്ന നിര്‍ദ്ദേശം ഇതിനേക്കാള്‍ അപകടകാരിയാണ്. അതിനും ചില വിദഗ്ധരെക്കൊണ്ട് ബോധവല്‍ക്കരിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ ജനത്തെ ബോധവല്‍ക്കരിക്കാന്‍ അവര്‍ക്ക് എത്രത്തോളം കഴിയുമെന്നത് കണ്ടറിയാനിരിക്കുന്ന കാര്യം. പാറമടകളില്‍ ജൈവമാലിന്യങ്ങള്‍ നിക്ഷേപിച്ച് നമ്മുടെ മണ്ണിനെ തരിശാക്കണമോ? ജൈവ, ജവേകരമാലിന്യങ്ങള്‍ കൂട്ടിക്കലര്‍ത്തി പാറമടകളില്‍ നിക്ഷേപിച്ചാല്‍ സംഭവിക്കാവുന്ന പ്രശ്നങ്ങളും ചില്ലറയല്ല. പാറമടയിലെ സൂഷ്മ, അതിസൂഷ്മ വിള്ളലുകള്‍ അടക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കൂടാതെ ജൈവദ്രാവകം സാന്ദ്രത കൂടിയ ഡിസിന്റഗ്രേഷനെ സഹായിക്കുന്ന ദ്രാവകമെന്ന നിലയിലും പോര്‍-പ്രഷര്‍ വര്‍ധന, കണ്ടാമിനന്റ് മൈഗ്രേഷന്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാവുന്ന സ്ഥിതിയിലും എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അധികരിക്കും. ഇക്കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള മുന്നൊരുക്കങ്ങള്‍ അനിവാര്യമാണ്. ഭൂഗര്‍ഭത്തിലെ മാലിന്യ ഒഴുക്ക് രീതി സങ്കീര്‍ണതയേറിയ കാര്യമാണ് എന്ന വിചാരം തീരുമാനമേടുക്കുന്നവര്‍ക്ക് വേണ്ടതാണ്.

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുനിന്ന് വിളപ്പില്‍ശാല മാലിന്യ സംസ്കരണപ്ലാന്റ് പൂട്ടുന്നതിന് പിന്തുണയുമായി കപിലും നിതിനും എത്തുകയുണ്ടായി. വികേന്ദ്രീകൃത മാലിന്യ സസ്കരണം സാധ്യമാണ് എന്നും നഗരത്തില്‍ അതിന് വേണ്ട പ്രചരണ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും ഇവര്‍ പറയുന്നു.


പരിഹാരം ഒന്നേ ഉള്ളു ജൈവേതരമാലിന്യങ്ങള്‍ ഉറവിടത്തില്‍നിന്ന് സംഭരിച്ച് തരംതിരിച്ച് അവയെ പുനരുപയോഗം, റീസൈക്ലിംഗ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ നര്‍മാര്‍ജനം ചെയ്യണം. ജൈവമാലിന്യ സംസ്കരണം ബുദ്ധിമുട്ടുള്ള കാര്യമെ അല്ല. മനുഷ്യവിസര്‍ജ്യം ഉള്‍പ്പെടെയുള്ള ജൈവമാലിന്യങ്ങള്‍ മണ്ണിന് അമൃത് ആണ്.
അടിക്കുറിപ്പ് - വിളപ്പില്‍ശാല സന്ദര്‍ശിച്ചതില്‍ നിന്ന് ഒരു കാര്യം ഉറപ്പായി "വിളപ്പില്‍ശാല പ്ലാന്റ് അടച്ചുപൂട്ടണം. അത്രെ ഉള്ളു." നഗര സഭയ്ക്കോ? നഗരമാലിന്യങ്ങള്‍ വിളപ്പില്‍ശാലയിലല്ലാതെ മറ്റൊരിടത്തും നിക്ഷേപിക്കാന്‍ കഴിയില്ല. കാര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും ബോധവാന്മാരായ ജനം മാലിന്യസംസ്കരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ, സര്‍ക്കാര്‍ ജൈവേതരമാലിന്യം സംഭരിക്കാനോ തയ്യാറല്ല.