Friday, March 30, 2012

ഈ ജന്മം അപാര ജന്മം



 
Kanthi Babu
നാട്ടിനും നാട്ടാര്‍ക്കും ഭാരമായി ഒരു മനുഷ്യജന്മം. കുറച്ച് നാളുകള്‍ക്ക് മുന്‍പ്  റോഡരുകില്‍ നടക്കാന്‍ കെല്‍പ്പില്ലാതെ കാലിലെ വൃണത്തില്‍ പുഴു അരിച്ചു കിടന്ന ബാബു എന്ന ഈ മനുഷ്യനെ നാട്ടുകാര്‍ തിരിഞ്ഞു നോക്കുന്നില്ല എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വരികയും ഒരു ചാനല്‍ സംപ്രേഷണം ചെയ്യുകയും 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ചെയ്തു. പൂര്‍ണമായി ഭേദമാകുന്നതിന് മുന്നെ അവിടെനിന്നും തിരികെ നാട്ടിലെത്തി. പെരുകാവുമുതല്‍ പൂജപ്പുരവരെ ഈ മുഖം കാണാത്തവര്‍ ഉണ്ടാകില്ല. റോഡ് വക്കില്‍ പകല്‍ കാലിലെ കെട്ടഴിച്ച് പ്രദര്‍ശിപ്പിച്ച് പണപ്പിരിവ്, രാത്രിയില്‍ എന്റെ റബ്ബര്‍ തോട്ടത്തില്‍ വിശ്രമം. കുളിയും ഭക്ഷണവുമില്ലാതെ മനുഷ്യന്‍ കണാന്‍ അറയ്ക്കുന്ന ഈ മനുഷ്യനെ എന്തുചെയ്യാന്‍?
തകര്‍ന്ന ഒരു കുടുംബത്തിലെ ഒരംഗമാണ് ബാബു. നല്ല പണിയെടുത്ത് (കമ്പികെട്ട്) ജീവിച്ചിരുന്ന ഇയാള്‍ കുറച്ചുനാള്‍ അഭയ മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. അവിടെനിന്നും ചാടി നാട്ടിലെത്തി. പലപ്രാവശ്യം നാട്ടുകാര്‍ 108 ആംബുലന്‍സില്‍ മെഡിക്കല്‍കോളേജില്‍ എത്തിച്ചു. വൃണം ഭേദമാകുന്നതിന് മുമ്പെ വെളിയില്‍ ചാടും. പുഴുവരിച്ച കാല് പ്രദര്‍ശിപ്പിച്ച് പിരിവെടുക്കലാണ് ഇഷ്ടം.

തദ്ദേശവാസികളുടെ ശ്രമഫലമായി  108 ആംബുലസ് ഒരു മീഡിയയോടൊപ്പം സ്ഥലത്തെത്തി. മെഡിക്കല്‍കോളേജില്‍ എത്തിക്കാന്‍ ഒപ്പം ഒരാളുകൂടി ചെല്ലണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ അവിടെ നിന്നവരാരും തയ്യാറാകാത്തപ്പോള്‍ ഞാന്‍ തയ്യാറായി. എന്നിട്ട് ഞാന്‍ ഡ്രസ് മാറി എത്തിയപ്പോഴേയ്ക്കും ബാബുവിനെ കയറ്റാതെ ആംബുലന്‍സ് തിരികെ പോയി. പറഞ്ഞത് ഇയാളുടെ കാലിലെ രോഗാണുക്കള്‍ ആംബുലന്‍സിനുള്ളില്‍ രോഗാണുവിതറും അതിനാല്‍ കൊണ്ടുപോകാന്‍ കഴിയില്ല എന്നാണ്. എന്നാല്‍ പഴുനിറഞ്ഞ വൃണത്തില്‍ രോഗാണുക്കള്‍ ഉണ്ടാകുമോ? ഇല്ല എന്നാണ് എന്റെ അറിവ്. പല രോഗികളും രോഗാണുവാഹകരാവാം. അവരെ ആംബിലന്‍സില്‍ കയറ്റുമ്പോള്‍ പരിശോധനയ്ക്കുള്ള സംവിധാനം ഉണ്ടാവുമോ? ഞാന്‍ മൊബൈലില്‍ ചിത്രം പകര്‍ത്തിയതിനും തടസ്സം ഉന്നയിച്ചു.
ബാബുവിന് വേദനകളില്ല. കാണുന്നവര്‍ക്ക്മാത്രമേ വേദനകളുള്ളു. ഇയാളെ സംരക്ഷിക്കാത്ത നാട്ടുകാര്‍ക്കാണ് കുറ്റം മുഴുവന്‍. മാധ്യമക്കാര്‍ പോലീസില്‍ അറിയിച്ചിട്ടുണ്ട് ഉടന്‍ പോലീസില്‍ എത്തും എന്ന് പറഞ്ഞ്  അവരും സ്ഥലം വിട്ടു. അതൊരു പറ്റിക്കല്‍ പരിപാടി ആയിരുന്നു.
മാധ്യമവും സ്ഥലംവിട്ടു. നാളെ വാര്‍ത്ത വരുമായിരിക്കാം. ഈ വന്ന മനോരമയുടെ കാറിനും മനസാക്ഷി ഇല്ലാതെ പോയി. വാര്‍ത്തയുണ്ടാക്കാന്‍ മാത്രം കുതിക്കുന്ന വാഹനങ്ങള്‍. പലരും കൈകാര്യം ചെയ്ത വാര്‍ത്തയാകയാല്‍ മനോരമയ്ക്കും വേണ്ട ഈ വാര്‍ത്തയുടെ വിറ്റഴിക്കല്‍.
വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച മച്ചേല്‍ സ്വദേശി അതുവഴി വരികയും ആംബുലന്‍സില്‍ കയറ്റാത്ത വിവരം അറിയുകയും ചെയ്തു. ബൈക്ക് അവിടെ വച്ചശേഷം ഫോണ്‍ചെയ്ത് ആട്ടോ വരുത്തി തന്നോടൊപ്പം ഒരു ഡീസല്‍ ആട്ടോയില്‍ കയറ്റി കൊണ്ട് പോയതായി അറിഞ്ഞു (ആ അജ്ഞാത സുഹൃത്തിന് നന്ദി). ബാബുവിനെ ജനറല്‍ ഹോസ്പിറ്റലില്‍ ഒന്‍പതാം വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തശേഷം തിരികെ വന്ന് തന്റെ ബൈക്ക് എടുത്ത് പോയതായും അറിഞ്ഞു. ചായയോ വടയോ പോലും കഴിക്കാന്‍ കഴിയാത്ത അവശനിലയിലായിരുന്നു ബാബു. ബാബു തന്നെ ഒരു ആശുപത്രിയില്‍ ചികിത്സക്കായി ആരേലും എത്തിക്കണെ എന്ന്  അഭ്യര്‍ത്ഥിച്ചിരുന്നു എന്നും കേള്‍ക്കുന്നു.
Facebook Note 
മേലധികാരികള്‍ ശ്രദ്ധിക്കണമെങ്കില്‍ മാധ്യമങ്ങള്‍ കനിയണം.