Tuesday, May 22, 2012

ചെലവുകുറഞ്ഞ കമ്പോസ്റ്റ് നിര്‍മ്മാണം

കേരളവെറ്റിറനറി യൂണിവേഴ്സിറ്റിയുടെ കീഴില്‍ തുമ്പൂര്‍മൂഴിയില്‍ ഡോ.ഫ്രാന്‍സിസ് സേവ്യറുടെ മേല്‍നോട്ടത്തില്‍ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയതാണ് തുമ്പൂര്‍മൂഴി മോഡല്‍ എയറോബിക് കമ്പോസ്റ്റിംഗ്. രാസവസ്തുക്കള്‍ ഒന്നും ഉപയോഗിക്കാതെ നമ്മുടെ വീട്ടുമുറ്റത്ത് ദുര്‍ഗന്ധമില്ലാതെ 90 ദിവസംകൊണ്ട് പച്ചിലയും, ചിരട്ടയും ഒഴികെയുള്ള ജൈവ മാലിന്യങ്ങളെല്ലാംതന്നെ കമ്പോസ്റ്റാക്കി മാറ്റാം. മീഥൈന്‍ വാതകം പുറംതള്ളാതെ കാര്‍ബണ്‍ഡൈ ഓക്സൈഡ് പുറംതള്ളപ്പെടുകയാണ് ഇതിന്റെ പ്രത്യേകത. വളരെ ചെലവു കുറഞ്ഞ രീതിയില്‍ ഇത്തരത്തിലൊരു പ്ലാന്റ് നിര്‍മ്മിക്കുവാന്‍ 2000 രൂപയില്‍ താഴെ മാത്രമെ ചെലവ് വരികയുള്ളു. 15" നീളമുള്ള 60 കോണ്‍ക്രീറ്റ് കട്ടകള്‍ ഉപയോഗിച്ച് പ്ലാന്റ് നിര്‍മ്മിക്കാം. ഹോളോ ഇല്ലാത്ത കട്ടകളാകയാല്‍ സിമന്റും മണലും മെസ്തിരിയും ഇല്ലാതെതന്നെ നമുക്കിത് സ്വയം നിര്‍മ്മിക്കാം. കട്ടകള്‍ അകലമിട്ട്  അടുക്കിയാല്‍ മതി. ഉള്‍ഭാഗം 4'x4'x4' ചതുരത്തിലാണ്  കട്ടകള്‍ അടുക്കേണ്ടത്. 

സിമന്റിട്ട തറയിലോ, മണ്ണിന് മുകളിലോ എയറോബിക് കമ്പോസ്റ്റ് പ്ലാന്റ് നിര്‍മ്മിക്കാം.  രണ്ട് എതിര്‍ വശത്തും മൂന്ന് കട്ടകള്‍വീതവും  മറ്റ് വശങ്ങളില്‍ രണ്ട് കട്ട വീതവും ഇടയില്‍ ഒരു കട്ടയുടെ പകുതി (7.5") അകലം നല്‍കി ഉള്‍ഭാഗം 4'x4'x4' ചതുരത്തില്‍ നിരത്തിവെയ്ക്കുക. കോണോട് കോണ്‍ അളവെടുത്ത് ചതുരമാണെന്ന് ഉറപ്പുവരുത്തുകയും ആവാം. അതിനുള്ളില്‍ ഏറ്റവും താഴെയറ്റത്ത് ആറിഞ്ച് കനത്തില്‍ ചാണകമോ കട്ടിയായ ബയോഗ്യാസ് സ്ലറിയോ നിറയ്ക്കാം. അതിന് മുകളില്‍ കുറച്ച് ഉണങ്ങിയ കരിയിലകള്‍ നിരത്തിയശേഷം ഇറച്ചിയുടെയും മീനിന്റെയും കോഴിയുടെയും തുടങ്ങി ഏത് ജൈവമാലിന്യവും നിക്ഷേപിക്കാം. അതിന് മുകളില്‍ വീണ്ടും ചാണകമോ, കട്ടികൂടിയ സ്ലറിയോകൊണ്ട് മൂടാം. അപ്രകാരം മൂടിക്കഴിഞ്ഞാല്‍ പൂര്‍ണമായും ദുര്‍ഗന്ധരഹിതമായി മാറും. ചെറു കുടുംബങ്ങള്‍, ഫ്ലാറ്റുകള്‍ മുതലായവയ്ക്ക് ഈ രീതി വളരെ സൌകര്യപ്രദമാണ്. കരിയിലയോടൊപ്പം ഉണങ്ങിയ ഓല, മടല്‍, ക്ലാഞ്ഞില്‍, തൊണ്ട് മുതലായവയും നിക്ഷേപിക്കാം. കമ്പോസ്റ്റായി മാറുമ്പോള്‍ ഓലയും മടലുമെല്ലാം ജൈവസമ്പുഷ്ടമായ വളമായി മാറും.

ഘട്ടം ഘട്ടമായി ലയറുകളായി പ്ലാന്റ് നിറയ്കാകം. എടുത്ത് മാറ്റുവാന്‍ കഴിയുന്ന കട്ടകളാകയാല്‍ പ്ലാന്റ് നിറയ്ക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകുകയില്ല. സ്ഥല പരിമിതി ഉള്ളവര്‍ക്ക് കമ്പോസ്റ്റ് നിര്‍മ്മാണത്തിന് ശേഷം മറ്റൊരു സ്ഥലത്ത് മാറ്റി സ്ഥാപിക്കുയും ആവാം. പ്ലാന്റിന് മുകളില്‍ മഴ നനയാതിരിക്കവാന്‍ മേല്‍ക്കൂര അനിവാര്യമാണ്. പ്ലാന്റില്‍നിന്നും ജലത്തുള്ളികള്‍ വീഴുകയില്ലാത്തതിനാല്‍ ടെറസിന് മുകളിലും പ്ലാന്റ് നിര്‍മ്മിക്കാം. മേല്‍ക്കൂര മെടഞ്ഞ ഓലകൊണ്ടോ, ഫ്ലക്സ് ഷീറ്റുകൊണ്ടോ, ടിന്‍ഷീറ്റുകൊണ്ടോ, ലഭ്യമായ മറ്റ് വസ്തുക്കള്‍ കൊണ്ടോ നിര്‍മ്മിക്കാം. ജൈവ മാലിന്യങ്ങളല്ലാത്ത പ്ലാസ്റ്റിക്ക്, കുപ്പിയോട്, ഇരുമ്പ് കഷണങ്ങള്‍, ഫ്യൂസായ ബാറ്ററി തുടങ്ങിയവ  പ്ലാന്റില്‍ നിക്ഷേപിക്കുവാന്‍ പാടില്ല.

ബയോഗ്യാസ് പ്ലാന്റുകളിലേയ്ക്ക് കക്കൂസ് വിസര്‍ജ്യവും സോപ്പ് വെള്ളം ഒഴിവാക്കി പ്രയോജനപ്പെടുത്താം. അതിലൂടെ ലഭിക്കുന്ന സ്ലറി കട്ടിയായ രൂപത്തിലാക്കി ചാണകത്തിന് പകരം പ്ലാന്റില്‍ നിക്ഷേപിക്കാം.  കൈകൊണ്ട് വാരാതെ തന്നെ ഏതെങ്കിലും അനുയോജ്യമായ കയ്യുറയും ഉപകരണങ്ങളും ഉപയോഗിക്കുവാനും കൈകാര്യം ചെയ്യുവാനും കഴിയും.  ഈ പ്ലാന്റിനുള്ളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 70-75 ഡിഗ്രി സെല്‍ഷ്യയസ്സായി താപം ഉണ്ടാകുന്നതിനാല്‍ അണുബാധ ഉണ്ടാവുകയില്ല, മാത്രവുമല്ല സ്ലറിയിലടങ്ങിയിട്ടുള്ള കോളിഫാം ബാക്ടീരിയ നശിക്കുകയും ചെയ്യും.  ഇപ്രകാരം പരിസ്ഥിതി മലിനീകരണം നമുക്ക് പൂര്‍ണമായും ഒഴിവാക്കാം. മണ്ണിലൂടെ ആഴ്ന്നിറങ്ങുന്ന ജലം ബാക്ടീരിയകളുടെ സഹായത്താല്‍ ശുദ്ധീകരിക്കപ്പെടുകയും ശുദ്ധമായ കുടിവെള്ളം ലഭ്യമാകുകയും ചെയ്യും.


ഇത് പൂര്‍മമായും നിറഞ്ഞുകഴിഞ്ഞ പ്ലാന്റാണ്. മൂന്നുമാസത്തെ വിശ്രമം ഇതിലൂടെ ലഭിക്കുന്ന ജൈവവളത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും. ലാലൂരും, വിളപ്പില്‍ശാലയും സൃഷ്ടിച്ച നമുക്കുതന്നെ പരിഹാരവും കണ്ടെത്താം. ജലാശയങ്ങളിലേയ്ക്ക് ഒഴുക്കിവിടുന്ന കക്കൂസ് മാലിന്യങ്ങള്‍ ഇത്തരം പ്ലാന്റുകളിലൂടെ കമ്പോസ്റ്റായി മാറുമ്പോള്‍ നമ്മുടെ ജലസ്രോതസ്സുകളും സംരക്ഷിക്കപ്പെടും. ലഭിക്കുന്ന ജൈവവളം കൊണ്ട് പച്ചക്കറികളും മറ്റും കൃഷിചെയ്ത് നാം ഭക്ഷിക്കുന്ന ഭക്ഷണം ഒരു പരിധിവരെ വിഷമുക്തമാക്കുകയും ചെയ്യാം. മൃഗസംരക്ഷണത്തിനും, കൃഷിക്കും സര്‍ക്കാര്‍ ഒരു വശത്തുകൂടി പ്രോത്സാഹനം നല്‍കുകയും കേരളസ്റ്റേറ്റ് പൊലുഷന്‍ കണ്ട്രോള്‍ ബോര്‍ഡ് കര്‍ഷകര്‍ക്ക് നേരെ വാളോങ്ങുകയും ചെയ്യുന്നു.  കെഎസ്‌പിസിബി മാലിന്യസംസ്കരണത്തിന് കര്‍ഷകരെ സഹായിച്ചിരുന്നുവെങ്കില്‍ എത്ര നന്നായേനെ.  പൈപ്പ് കമ്പോസ്റ്റുണ്ടാക്കി പൊതുജനത്തിന്റെ നികുതിപ്പണത്തില്‍ നിന്ന് സബ്സിഡി അടിച്ചുമാറ്റി വേണ്ടപ്പെട്ടവരെ സഹായിക്കുവാനുള്ള കുതന്ത്രമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ബയോഗ്യാസ് പ്ലാന്റില്‍ നിന്നും പുറംതള്ളുന്ന സ്ലറി മണ്‍ കുഴിയില്‍ കെട്ടിനിറുത്തി ജലാംശം മണ്ണിലേയ്ക്ക് ആഴ്ത്താം. പ്രസ്തുത സ്ലറി തറനിരപ്പിന് മുകളില്‍ കോരി ഒഴിച്ച് ചാണകം പോലെ കട്ടിയായി മാറ്റം. ഉണങ്ങിയ ഇലകളും മറ്റും തൊഴുത്ത് കഴുകുകയും പശുക്കളെ കുളിപ്പിക്കുകയും ചെയ്യുന്ന ജലം സംഭരിച്ച് അതില്‍ നിക്ഷേപിക്കാം. അത് കരയില്‍ കോരിയിട്ട് ഈര്‍പ്പം മാറ്റി കമ്പോസ്റ്റ് പ്ലാന്റില്‍ നിക്ഷേപിക്കാം.

6 comments:

najeeb annikkara said...

കോഴി വെസ്റ്റ്‌ നമുക്ക് ഈ മാര്‍ഗത്തിലൂടെ വളമാക്കി മാറ്റുവാന്‍ കഴിയുമോ ?

Chandrasekharan Nair said...

കോഴി വേസ്റ്റെന്നല്ല എല്ലാം മാസ വേസ്റ്രുകളും ഇപ്രകാരം സംസ്കരിക്കാം.

അജയ്യന്റെ ദാസനെന്ന ഞാൻ said...

ഞാൻ വെട്ടുകല്ലുകൾ അടുക്കി ഇത്തരം ഒരെണ്ണം മണ്ണിനു മുകളിൽ ഉണ്ടാക്കി. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് പറയാമോ? എനിക്കുള്ള സംശയം 3 മാസം അവസാനിക്കുന്നത് വരെ ഇതിൽ ജൈവ മാലിന്യം നിക്ഷേപിക്കാൻ പറ്റുമോ?

Chandrasekharan Nair said...

പ്ലാന്റ് നിറഞ്ഞശേഷമാണ്ാ മൂന്നുമാസത്തെ വിശ്രമം കൊടുക്കേണ്ടത്. എന്നാല്‍ താഴെയറ്റത്ത് പ്ലാന്റിലെ കമ്പോസ്റ്റ് തണുക്കുന്നതിനാല്‍ എലിപോലുള്ള ഷുദ്രജീവികളുടെ ശള്യമുണ്ടാവാന്‍ സാധ്യതയുണ്ട്. താങ്കള്‍ ഉണ്ടാക്കിയ പ്ലാന്റിന്റെ ചിത്രം പ്രസിദ്ധികരിക്കുക. അത് മറ്രുള്ളവര്‍ക്കും അനുകരിക്കാം.

hari abraham said...

ദിവസം 750 കിലോ ഇറച്ചി കോഴി മാലിനിയം തുവല്‍ ഉള്‍പ്പെടെ സംസ്കരിക്കാന്‍ ഈ രിതില്‍ കുടി പറ്റുമോ. അല്ല എങ്കില്‍ അതിനു പറ്റുന്ന എന്ത് എങ്കിലും മാര്‍ഗം അറിയുമോ

Chandrasekharan Nair said...

ഹരി എബ്രഹാം. പറ്റും. പക്ഷെ പ്ലാന്റുകളുടെ എണ്ണം കൂട്ടേണ്ടി വരും. മൂന്നുമാസം പൂര്‍ത്തിയാകത്തക്ക രീതിയിലായാല്‍ ഒഴിയുന്ന മുറയ്ക്ക് വീണ്ടും നിറയ്ക്കാം.