Sunday, October 21, 2012

കൊടുവള്ളി പഞ്ചായത്തിനെ നമുക്ക് മാതൃകയാക്കാം

 കോഴിക്കോട് ജില്ലയിലെ കൊടുവള്ളി പഞ്ചായത്തില്‍ അഗ്രിക്കള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് എജന്‍സി യുടെ (ATMA) ഗ്രൂപ്പ് മൊബിലൈസേഷന്‍ ഫണ്ടായ 60,000 രൂപ ഉപയോഗിച്ചും മൃഗസംരക്ഷണവകുപ്പിന്റെ മേല്‍നോട്ടത്തിലും കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പിലാക്കിയ മാലിന്യ സംസ്കരണം മറ്റ് പഞ്ചായത്തുകള്‍ക്കൊരു മാതൃകയാണ്. ഒരു ഗ്രൂപ്പില്‍ അഞ്ച് മുതല്‍ ഇരുപതുവരെ അംഗങ്ങളെവെച്ച് അയ്യായിരം രൂപയുടെ ഫണ്ട് ഉപയോഗിക്കാം. അറുപതുപേര്‍ക്ക് പങ്കാളികളാകുവാന്‍ കഴിയുന്ന പദ്ധതിയാണിത്. പന്ത്രണ്ടുപേരടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളാണ് ഉദ്ദേശിക്കുന്നത്. കൊടുവള്ളി ടൌണിലെ കടകളില്‍നിന്നും മാലിന്യമെടുത്ത് സംസ്കരിക്കാനാണ്  ആദ്യം തീരുമാനിച്ചത്. മലിന്യസംസ്കരണത്തിനുള്ള 42500 രൂപയുടെ  ബിന്നും (Click to see the bin - TMACT - തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റ്ക് ടെക്നിക്) 5750 രൂപ കൊണ്ടുവരുവാനുള്ള ചെലവും ഉണ്ടായി. ബിന്നുകള്‍ എന്നത് വെറ്റിറനറി യൂണിവേഴ്സിറ്റിയില്‍ ഫെറോസിമെന്റ് കൊണ്ട് നിര്‍മ്മിച്ച എയറോബിക് കമ്പോസ്റ്റ് പ്ലാന്റാണ്. ബിന്നുകള്‍ എവിടെ വെയ്ക്കുക എന്നത് വലിയ ഒരു പ്രശ്നം തന്നെയാണ്. പൊതുജനത്തിന്റെ മുന്നില്‍ ഈ ബിന്നുകള്‍ കിട്ടിയാല്‍ ജൈവേതരമാലിന്യങ്ങളാവും കൂടുതലായി അതില്‍ കൊണ്ടിടുക. പഞ്ചായത്ത് വക ഷെഡ് ഉണ്ടാക്കി ഈ ബിന്നുകള്‍ വെയ്ക്കല്‍ എന്നത് ചെലവേറിയതാകയാല്‍ അറുപത് കുടുംബശ്രീ പ്രവര്‍ത്തകരെ വിളിച്ചുകൂട്ടുകയും അതിലൊരു സ്ത്രീ അവരുടെ പറമ്പില്‍ വെയ്ക്കാമെന്ന് സമ്മതിക്കുകയും അത് പരിഗണിക്കുകയും ചെയ്തു. വിളപ്പില്‍ശാലയും ലാലൂരും കണ്ടിട്ടുള്ളവരെക്കൊണ്ട് ഇപ്രകാരമൊരു തീരുമാനമെടുപ്പിക്കുക അസാധ്യമാണ്. മുളയും മെടഞ്ഞ ഓലയും കൊണ്ട് മേല്‍ക്കൂര ഉണ്ടാക്കുവാന്‍ കഴിഞ്ഞാല്‍ പരിസ്ഥിതി സൌഹൃദമായി മാറുകയും ചെയ്യും.

ആദ്യം കൊണ്ടുവന്ന അഞ്ച് ബിന്നുകള്‍ രണ്ടര സെന്റോളം സ്ഥലത്ത് വെയ്ക്കുകയും കൈക്കോട്ട്, ഷവല്‍, വേസ്റ്റ് ശേഖരിക്കുവാനുള്ള ബക്കറ്റ് മുതലായവ എന്നിവ വാങ്ങുകയും, ഇതോടൊപ്പം സഹകരിച്ചില്ല എങ്കില്‍ ലൈസന്‍സ്  റദ്ദാക്കും എന്ന പഞ്ചായത്തിന്റെ കര്‍ശന നിര്‍ദ്ദേശം കച്ചവടസ്ഥാപനങ്ങള്‍ക്ക് നല്‍കുകയും ചെയ്ത. അഞ്ചുകിലോ വരെ മാലിന്യമുള്ള കടകളില്‍ നിന്ന് പത്തുരൂപയും അതിന് മുകളില്‍ പതിനഞ്ചും ഇരുപതും രൂപ വാങ്ങിക്കുന്നു. പഞ്ചായത്ത് രസീത് നല്‍കിയാണ് മാലിന്യം ശേഖരിക്കുന്നത്. ജൈവേതര മലിന്യവും ജൈവമാലിന്യവും വെവ്വേറെ വെയ്ക്കുവാന്‍ കടക്കാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. പെട്ടി ആട്ടോയില്‍ ദിവസവും പ്ലാസ്റ്റിക് മാലിന്യം ഒരു ബക്കറ്റിലും, മറ്റൊരു ബക്കറ്റില്‍ ജൈവമാലിന്യവും മൂന്നാമത്തെ ബക്കറ്റില്‍ സംസ്കരണത്തിന് ഉപയോഗിക്കാവുന്ന ഉണങ്ങിയ ചപ്പ് ചവറുകള്‍, വൈയ്ക്കോല്‍, പേപ്പര്‍ മുതലായവയും ജൈവ പാക്കിംഗ് മെറ്റീരിയലുകളും ശേഖരിക്കുന്നു. നാലാമതൊരു ബക്കറ്റ് വെച്ചാല്‍ മത്സ്യ, മാംസ്യ, കോഴി വേസ്റ്റും സംഭരിക്കാവുന്നതെ ഉള്ളു. അതിന് കടയൊന്നിന് 50 രൂപയില്‍ക്കൂടുതല്‍ വാങ്ങുവാനും കഴിയും. മൂന്ന് പേര്‍ 150 രൂപ വേതനവും പറ്റിക്കൊണ്ടാണ് മാലിന്യങ്ങള്‍ പ്ലാന്റിലേയ്ക്കെത്തിക്കുന്നത്. ഇവയെ ചാണകവും ചപ്പുചവറും മാലിന്യങ്ങളും ലയറുകളായി ബിന്നില്‍ നിറയ്ക്കുന്നു.   ബിന്നുകള്‍ സൂക്ഷിക്കുന്നതിന് വസ്തുവിന്റെ ഉടമയ്ക്ക്  പ്രിതിദിനം 100 രൂപ തറയുടെ വാടകയായി മാസം 3000 രൂപയും പരിപാലനത്തിന് പ്രതിദിനം 100 രൂപനിരക്കില്‍ മാസം 3000 രൂപയും നല്‍കും. അങ്ങിനെ 6000 രൂപ അവര്‍ക്ക് മാസവരുമാനവും ഇതിലൂടെ ലഭിക്കുന്നു. പ്ലാസ്റ്റിക് മാലിന്യം കഴുകി ഉണക്കി ചാക്കുകളിലാക്കി മറ്റൊരു അംഗത്തിന്റെ ഒഴിഞ്ഞ ഷെഡിലോ മറ്റോ വെയ്ക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഇപ്രകാരം ചെയ്യുന്നതിന് 150 രൂപ കൂലിയായി നല്‍കും. അവ മാസത്തിലൊരു തവണ പ്ലാസ്റ്റിക് പ്രൊസസ്സിംഗ് സെന്ററുകളില്‍ എത്തിക്കും. ആക്രി കടകള്‍ക്ക് കൈമാറാന്‍ കഴിയുന്നവ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുതന്നെ കൈമാറാനും കഴിയും. ഒരു സി.ഡി.എസ് പ്രതിനിധി അക്കൌണ്ടിംഗ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഓവറാള്‍ സൂപ്പര്‍വിഷന്‍ സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ ആണ് നിര്‍വ്വഹിക്കുന്നത്.
തുടക്കത്തില്‍ത്തന്നെ ജൈവ, ജൈവേതരമാലിന്യങ്ങള്‍ വെവ്വേറെ ശേഖരിക്കുന്നതിനാല്‍ ജൈവമാലിന്യം കൂടുതല്‍ മെച്ചപ്പെട്ട ജൈവവളമാക്കി മാറ്റുവാന്‍ കഴിയുന്നു. വളമുണ്ടാക്കിക്കഴിഞ്ഞാല്‍ കുടുംബശ്രീയുടെ ലേബലില്‍ വിപണനം നടത്തുകയാണ് ലക്ഷ്യം. വളത്തിന്റെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് അഗ്രിക്കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മന്റില്‍ നിന്ന് വാങ്ങിവെയ്ക്കുകയും അഞ്ച് കിലോയുടെ ന്യൂസ് പേപ്പര്‍ പായ്ക്കറ്റുകള്‍ കിലോ ഒന്നിന് പത്തുരൂപ നിരക്കില്‍ ആവശ്യക്കാര്‍ക്ക് പൂന്തോട്ടം, പച്ചക്കറി എന്നിവയുടെ വളപ്രയോഗത്തിന് വില്‍ക്കുവാനും സാധിക്കും. മാലിന്യ ക്കൂമ്പാരങ്ങളുടെ ഉറവിടങ്ങളായ ലാലൂരിനും, വിളപ്പില്‍ശാലയ്ക്കും കൊടുവള്ളി പഞ്ചായത്ത് ഒരു മാതൃക തന്നെയാണ്.
നവംബര്‍ 1 ന് ഈ പദ്ധതി ഉത്ഘാടനം ചെയ്യുകയാണ്. പഞ്ചായത്ത് പ്രസിഡന്റിന്റെയും, സി.ഡി.എസ് ചെയര്‍ പെഴ്സണിന്റെയും പേരില്‍ ജോയിന്റ് അക്കൌണ്ട് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ തുറക്കുന്നതും കണക്കുകള്‍ പരിപാലിക്കുന്ന സി.ഡി.എസിന് 1500 രൂപ പ്രതിമാസ ശമ്പളമായി നല്‍കുന്നതുമാണ്. കൊടുവള്ളി പഞ്ചായത്തില്‍ നൂറ് ശതമാനം സുതാര്യത ഉറപ്പാക്കുന്ന വികേന്ദ്രീകൃത മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ഉപജ്ഞാതാവ് ഡോ.ഗീതയ്ക്ക് (Facebook ID)അഭിനന്ദനങ്ങള്‍.
കൊടുവള്ളി പഞ്ചായത്തിന് കേരളഫാര്‍മര്‍ (ചന്ദ്രശേഖരന്‍ നായര്‍) അഭിനന്ദനങ്ങളുടെ ഒരു പൂച്ചെണ്ട് സമര്‍പ്പിക്കുന്നു.


4 comments:

FX said...

The Lady Veterinary Surgeon Dr Geeta too initiative to plan and execute this.I really appreciate her social contribution.The Swaminathan Institute at Kalpatta has also joined in establishing Thumburmuzhy model in their Institute..

Manikandan said...

നല്ല ലേഖനം.

keralafarmer said...

കേന്ദ്രീകൃത മാലിന്യ സംസ്കരണം പരാജയം മാത്രമായിരുന്നില്ല. തിരുത്താന്‍ കഴിയാത്ത രീതിയില്‍ അത് പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുകയും ചെയ്തു. മാലിന്യം സൃഷ്ടിക്കുന്നവര്‍ക്ക് മാലിന്യം ശരിയായ രീതിയില്‍ സംസ്കരിക്കാനുള്ള ഉത്തരവാദിത്തവും ഉണ്ട്. ജൈവ മാലിന്യങ്ങളാണ് മണിക്കൂറുകള്‍ക്കള്ളില്‍ ദുര്‍ഗന്ധത്തിന് കാരണമാകുന്നത്. ജൈവമാലിന്യ സംസ്കരണം അസാധ്യമായ ഒന്നല്ല. ജൈവേതരമാലിന്യങ്ങള്‍ തരംതിരിച്ച് സൂക്ഷിച്ചുവെയ്ക്കാവുന്നതും പരിസ്ഥിതി മലിനീകരണമുണ്ടാകാത്ത രീതിയില്‍ അവയെ സംസ്കരിക്കേണ്ടതുമാണ്. അവിടെയാണ് സര്‍ക്കാര്‍ ശ്രദ്ധ പതിക്കേണ്ടത്. നിരോധിക്കേണ്ടവ നിരോധിക്കുകയും, ഉപയോഗ ശേഷം നിര്‍മ്മാതാക്കളെ തിരിച്ചേല്‍പ്പിക്കല്‍, റീ സൈക്ലിംഗ്, പ്ലാര്റിക്കുകള്‍ പൊടിച്ച് ടാറിംഗ് മതലായവ അനിവാര്യമാണ്.

keralafarmer said...

ഇപ്പോള്‍ നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്ന ഇന്‍സിനറേറ്റര്‍ ഉപയോഗിച്ചുള്ള കത്തിക്കല്‍ കൂടുതല്‍ അപകടകാരിയാണ്. പാറമടയില്‍ തള്ളലും അപകടം ക്ഷണിച്ചുവരുത്തും. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ജൈവമാലിന്യ സംസ്കരണരീതിയാണ് അഭികാമ്യം. നാലടി ചതുരത്തിലുള്ള തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റ് ടെക്നിക്കിന്റെ സവിശേഷതകള്‍, ലീച്ചേജ്ഇല്ല, ദുര്‍ഗന്ധം ഒട്ടുമെ ഇല്ല, നാലടി ചതുരത്തില്‍ രണ്ടായിരം രൂപയില്‍ താഴെ ചലവാക്കി സ്വയം നിര്‍മ്മിക്കാം, ഒരാഴ്ചക്കുള്ളില്‍ എഴുപത് ഡിഗ്രി സെല്‍ഷ്യസില്‍ താപം ഉണ്ടാകുന്നതിനാല്‍ അണുക്കളും കളകളുടെ വിത്തുകളും മറ്റും നശിക്കും,‌, മീഥൈന്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ് എമല്‍ഷന്‍ കുറയും, വികേന്ദ്രീകൃതമായി കുടുംബശ്രീ, ജനശ്രീ യൂണിറ്റുകളുടെ സഹായത്താല്‍ വിജയകരമായി നടപ്പാക്കാം, അറവുശാലകളിലെയും, കോഴിഇറച്ചിയുടെയും മറ്റും വേസ്റ്റുകള്‍ ദുര്‍ഗന്ധമില്ലാതെ സംസ്കരിക്കാം മുതലായ സവിശേഷതകള്‍ ചവറ്റുകുട്ടയിലിടാനുള്ളതാണോ?