Thursday, December 08, 2011

കര്‍ഷക സംരക്ഷണ സേന

ജാതി, മത, കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ലിംഗ, ഭാഷ, പ്രായ, തൊഴില്‍ വ്യത്യാസങ്ങളില്ലാതെ കര്‍ഷകരോടൊപ്പം ഈ ഗ്രൂപ്പില്‍ അംഗമാകാം. പൂജ്യം ചെലവില്‍ പരസ്പര സഹകരണത്തിലൂടെ നമുക്കൊരു കാര്‍ഷിക വിപ്ലവത്തിന് തുടക്കം കുറിക്കാം. കൃഷിപ്പണി അറിയാത്തവരെ നമുക്ക് കൃഷി പഠിപ്പിക്കാം. വിത്തും വളവും അദ്ധ്വാനവും പരസ്പരം പങ്കുവെയ്ക്കാം. നമ്മുടെ കാര്‍ഷികോത്പന്നങ്ങള്‍ക്ക് നമുക്ക് വില നിശ്ചയിക്കാം. അപ്രകാരം നമുക്ക് ചെയ്യാന്‍ കഴിഞ്ഞാല്‍ ഒരു കര്‍ഷകനും കടക്കെണിമൂലം ആത്മഹത്യ ചെയ്യേണ്ടി വരില്ല. കാര്‍ഷികാവശ്യങ്ങള്‍ക്ക് ബാങ്ക് വായ്പകള്‍ നമുക്കൊഴിവാക്കാം. അവരവരുടെ ആരോഗ്യത്തിനനുസരിച്ചുള്ള കൃഷിപ്പണി ചെയ്ത് കൂട്ടായ്മ ശക്തിപ്പെടുത്താം. നിത്യോപയോഗസാധന വിലവര്‍ദ്ധനയുടെ പേരില്‍ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഡി.എ വര്‍ദ്ധനയും അതിനാനുപാതികമായി തൊഴിലാളിവേതനവും വര്‍ദ്ധിക്കുന്നു. ഭക്ഷ്യോത്പന്ന വില വര്‍ദ്ധനവിനെതിരേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശബ്ദമുയര്‍ത്തുന്നു. കര്‍ഷക സ്നേഹം വെറും കപട നാടകം. ഇതിനൊരന്ത്യം കൂടിയേ തീരൂ. Facebook ല്‍ Farmer's Protection Force ല്‍ നിങ്ങള്‍ക്കും അംഗമാകാം. സ്വന്തം കൃഷിഭൂമി ഇല്ലാത്തവര്‍ക്കും, മറ്റ് തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കും ഇതില്‍ പങ്കാളികളാവാം. ഇതിലൂടെ ഗുണമേന്മയേറിയ പച്ചക്കറികളും മറ്റും കര്‍ഷകരില്‍ നിന്ന് നേരിട്ട് വിലയ്ക്ക് വാങ്ങാം. കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാം.

കൃഷി ശാസ്ത്രജ്ഞരുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് അനാവശ്യ രാസവളപ്രയോഗവും, കള കുമിള്‍ കീടനാശിനികളുടെ ഉപയോഗവും ക്രമാതീതമായി വര്‍ദ്ധിക്കുന്നു. അതിന്റെ പിണിത ഫലമായി മണ്ണിന്റെയും സസ്യലതാദികളുടെയും, പക്ഷിമൃഗാദികളുടെയും, മനുഷ്യന്റെയും ആരോഗ്യം നശിക്കുകയാണ്. ഉത്പാദനക്ഷമതകൂടിയ നമ്മുടെ തനത് വിത്തിനങ്ങള്‍ പോലും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഉള്ളതെങ്കിലും നശിക്കാതിതിരിക്കാന്‍ നാം മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. അന്തക വിത്തുകളായ ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളെ നമ്മുടെ കൃഷിയിടങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിച്ചുകൂട. നമ്മുടെ മക്കളെയും ചെറുമക്കളെയും പഠനത്തോടും ഉദ്യോഗത്തോടുമൊപ്പം ടെറസ്, യാര്‍ഡ് കൃഷികളില്‍ പരിശീലനം നല്‍കണം. വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും നാം സംഘടിക്കണം. കര്‍ഷകര്‍ക്കെതിരെ ഉണ്ടാവുന്ന അതിക്രമങ്ങളെ തടയുവാന്‍ നാം പ്രാപ്തരാകണം. കൂട്ടായ എയറോബിക് കമ്പോസ്റ്റിംഗിലൂടെ ചെലവില്ലാതെ ജൈവമാലിന്യ സംസ്കരണവും ജൈവ വള ലഭ്യതയും ഉറപ്പാക്കാം.

ഒരു ഗ്രാമത്തില്‍ ഇരുപത്തിയഞ്ച് കര്‍ഷകര്‍ സഹകരിച്ചാല്‍ത്തന്നെ വലിയൊരു മാറ്റത്തിന് വഴിയൊരുക്കാം. കര്‍ഷകരെ സഹായിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ബാങ്കുകളും, കടാശ്വാസ കമ്മീഷനും, കേന്ദ്രത്തിന്റെ കോടികളുടെ വായ്പ എഴുതിത്തള്ളലും ഒന്നും കര്‍ഷകനെ രക്ഷിക്കില്ല. അത് ബാങ്കുകളെ മാത്രമേ രക്ഷിക്കൂ. നബാര്‍ഡിന്റെ സേവനവും വെറും പ്രഹസനമാണ്.
കൃഷിയെ രക്ഷിക്കാം കര്‍ഷകരെ രക്ഷിക്കാം. കര്‍ഷകര്‍ക്കെതിരെയുണ്ടാവുന്ന അനീതികളെ ഒറ്റക്കെട്ടായി നേരിടാം.

ഈ പോസ്റ്റ് അപൂര്‍ണമാണ്. നല്ല നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുന്നു.