Dear Friends, Hon.Chief Minister Oommen Chandy, suffered a fracture after slipping on ice and underwent surgery in Switzerland recently. He will be discharged from the hospital only after a week's time. As per media, CM would have to use crutches for at least six to eight weeks. The mass email petition campaign scheduled for 30-Jan-2006 will not be carried out in view of the above situation. Alternative date would be notified after further discussions.
തിരുത്തലുകൾക്കായി സമർപ്പിക്കുന്നു
ബഹുമാന്യനും ക്രിയോത്സുകനുമായ കേരളാ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയ്ക്ക്,
ഞങ്ങള്‍ ലോകത്തിന്റെ പല കോണുകളിലുമായി ജീവിയ്ക്കുന്ന ഒരു പറ്റം മലയാളികളാണ്. ഉദ്യോഗം, വിദ്യാഭ്യാസം തുടങ്ങിയ ജീവിതസാഹചര്യങ്ങള്‍ മൂലം കേരളത്തില്‍ നിന്നും വളരെ അകന്നു ജീവിക്കുന്നവരാണ് ഞങ്ങളില്‍ ഭൂരിഭാഗവും. എന്നിരുന്നാല്‍ തന്നെയും തങ്ങളുടെ സ്വന്തം നാടിനോട് മറ്റാരേക്കാളും ഒട്ടും കുറവില്ലാത്ത മമതയും വിധേയത്വവും വെച്ചുപുലര്‍ത്തുന്നവരാണ് മറുനാടന്‍ മലയാളികള്‍ എന്ന് അങ്ങേക്കറിയാമല്ലോ. ഇതുകൂടാതെ എണ്ണത്തില്‍ വളരെ കുറവെങ്കിലും, കേരളത്തില്‍ തന്നെ സ്ഥിരതാമസം തുടരുവാന്‍ ഭാഗ്യം ലഭിച്ച കുറച്ചു വ്യക്തികള്‍ കൂടിയുണ്ട് ഈ കത്തെഴുതുന്ന കൂട്ടായ്മയില്‍. ഇന്റര്‍നെറ്റ് എന്ന മാദ്ധ്യമത്തിലൂടെ വളരെ ഫലപ്രദമായും സ്വതന്ത്രമായും മൊത്തം സമൂഹത്തിനു നന്മ എന്ന സദുദ്ദേശ്യത്തോടെ അന്യോന്യം വിനിമയം നടത്തുന്ന ഞങ്ങള്‍ പക്ഷേ ഏതെങ്കിലും സംഘടനയിലോ സ്ഥാപനത്തിലോ പ്രസ്ഥാനത്തിലോ അംഗങ്ങളല്ല
ഞങ്ങളില്‍ ഭൂരിഭാഗവും. തികച്ചും വ്യക്തിസ്വാതന്ത്ര്യത്തില്‍ അധിഷ്ഠിതമായ ഞങ്ങളുടെ കൂട്ടായ്മക്ക് നിയതമായ ഒരു അജണ്ടയോ മുദ്രാവാക്യമോ പോലും ഇല്ല. ഇക്കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍, താങ്കളുടെ സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാരിന്റെ തന്നെ കൃഷിവകുപ്പ് കേരളത്തിലെ കൃഷിക്കാര്‍ക്ക് എലിനിവാരണത്തിനുതകുന്ന റോഡോഫോ (Rodofoe) എന്ന പദാര്‍ത്ഥം വ്യാപകമായും സൌജന്യമായും വിതരണം ചെയ്തതായി അറിയാന്‍ കഴിഞ്ഞു. ഞങ്ങളുടെ ഈ കൂട്ടായ്മയില്‍ സ്ഥിരമായി പങ്കുചേരുന്ന തിരുവനന്തപുരം സ്വദേശിയായ ശ്രീ ചന്ദ്രശേഖരന്‍ നായര്‍ എന്ന തലമുതിര്‍ന്ന, മുഴുവന്‍സമയ ചെറുകിട കര്‍ഷകനും ഈ എലിമരുന്നു വിതരണപരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. ഉല്പാദനക്ഷമതയാര്‍ന്ന കൃഷിയെന്നപോലെത്തന്നെ സ്വന്തം നാട്ടിലെ സുരക്ഷിതമായ പരിസ്ഥിതിയുടേയും ഭവിഷ്യോന്മുഖമായ ആവാസവ്യവസ്ഥയുടേയും പ്രാധാന്യത്തെക്കുറിച്ച് ഒരേപോലെ ഉത്കണ്ഠയുള്ള ഞങ്ങളുടെ ആ സുഹൃത്ത് അദ്ദേഹത്തിന്റെ സുദീര്‍ഘവും വിശാലവുമായ സ്വന്തം ജീവിതാനുഭവങ്ങള്‍ മുന്‍നിര്‍ത്തി ആ അവസരത്തില്‍ അങ്ങയുടെ കീഴിലുള്ള ഉദ്യോഗസ്ഥരോട് വളരെ ന്യായമായ ചില സംശയങ്ങള്‍, ചോദിക്കുകയുണ്ടായി. ഒരു വിമുക്തഭടനും മുന്‍കാലത്ത് വിദേശമലയാളിയും ആയിരുന്നിട്ടുള്ള ശ്രീ ചന്ദ്രശേഖരന്‍ നായര്‍ക്ക് തൃപ്തികരവും വസ്തുനിഷ്ഠവുമായ ഉത്തരങ്ങള്‍ നല്‍കുവാന്‍ അവിടെ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും തന്നെ കഴിഞ്ഞില്ല. എന്നുമാത്രമല്ല, വിതരണം ചെയ്യപ്പെട്ട പദാര്‍ത്ഥത്തിന്റെ യഥാര്‍ത്ഥ അപകടങ്ങളെപ്പറ്റി ഒരുപക്ഷേ വേണ്ടത്ര ബോധവാന്മാരല്ലാത്ത, ആ ചടങ്ങില്‍ പങ്കെടുത്ത, അനേകം കര്‍ഷകര്‍ക്കിടയില്‍ അവരെല്ലാവരും കൂടി പുച്ഛപരിഹാസാദികളോടെ അദ്ദേഹത്തെ ഒറ്റപ്പെടുത്തുകയുമുണ്ടായി. ഇതിനുശേഷം മനസ്സില്ലാമനസ്സോടെയാണെങ്കിലും അദ്ദേഹം തനിക്കു ലഭിച്ച റോഡോഫാന്‍ പാക്കറ്റുകള്‍ കൂടുതല്‍ പഠനത്തിനുവേണ്ടി കൈപ്പറ്റുകയും ചെയ്തു.
ശ്രീ ചന്ദ്രശേഖരന്‍ നായര്‍ ഇതിനുശേഷം പൂര്‍വ്വാധികം ഉത്കണ്ഠയോടെ, അങ്ങയുടെ തന്നെ സര്‍ക്കാരിന്റെ, ഈ വക കാര്യങ്ങളില്‍ ഉത്തരവാദപ്പെട്ട മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരേയും സമീപിക്കാന്‍ ശ്രമിച്ചു. ഇതിന്റെ ഭാഗമായി അദ്ദേഹം പള്ളിച്ചല്‍ ഏ.ഡി.ഏ.ശ്രീമതി മിനി, സസ്യസംരക്ഷണവകുപ്പിലെ ശ്രീ.(ഡോ.)പി.കെ.ബാബു, തിരുവനന്തപുരം ജില്ലാ മുഖ്യ കൃഷി ആപ്പീസര്‍ (Principal Agriculture Officer) ശ്രീ. ശിവപ്രസാദ് എന്നിവരുമായി ടെലഫോണിലും ബന്ധപ്പെട്ടു. ആദ്യത്തെ രണ്ടു പേരും, ഈ ജോലി മേലുദ്യോഗസ്ഥരുടെ കല്പനപ്രകാരമായതിനാല്‍ ഈ വിഷയത്തില്‍ അവരുടെ നിസ്സഹായത അറിയിച്ച് കൈമലര്‍ത്തി. പക്ഷേ ശ്രീ. ശിവപ്രസാദ് അദ്ദേഹത്തോട് വളരെ അവജ്ഞയും അശ്രദ്ധയും കലര്‍ന്ന രീതിയിലാണു സംസാരിച്ചതെന്ന് ശ്രീ. ചന്ദ്രശേഖരന്‍ നായര്‍ അദ്ദേഹത്തിന്റെ ഇന്റര്‍നെറ്റ് പേജില്‍ തുറന്നു പ്രഖ്യാപിച്ചിട്ടുണ്ട്. മേല്‍വിവരിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്വാഭാവികമായും നിരാശനായ ശ്രീ നായര്‍ ഇവയെല്ലാം തന്റെ ഇന്റര്‍നെറ്റ് പേജില്‍ പ്രസിദ്ധീകരിച്ച്, അവിടത്തെ സ്ഥിരം വായനക്കാരായ ഞങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കുകയുണ്ടായി. പലയിടത്തായി അന്യദേശങ്ങളില്‍ ഒറ്റപ്പെട്ടുകഴിയുകയാണെങ്കിലും, സ്വന്തം മനസ്സും തറവാടും മറ്റു ജീവിതബന്ധങ്ങളും ഇപ്പോഴും നാട്ടില്‍ തന്നെ വെച്ചുപോന്നിട്ടുള്ള ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ എവിടെ നടന്നാലും ഞങ്ങളുടെ സ്വന്തം വീട്ടുകാര്യം തന്നെയാണ്. വിദൂരദേശവാസം എന്ന ദൌര്‍ബല്യം ഒന്നുകൊണ്ടുമാത്രം നിശ്ശബ്ദനായിരിക്കേണ്ടിവരുന്ന ഞങ്ങള്‍ ഇത്തരുണത്തിലെങ്കിലും ശ്രീ ചന്ദ്രശേഖരന്‍ നായരെപ്പോലുള്ള ഒറ്റപ്പെട്ട കര്‍ഷകരോട് അനുതാപവും ആഭിമുഖ്യവും പ്രകടിപ്പിക്കാനാഗ്രഹിക്കുന്നു. കൃത്യബാഹുല്യം കൊണ്ട് വളരെ തിരക്കുപിടിച്ച അങ്ങയുടെ മുന്‍പാകെ ഈ നീണ്ട കത്തു സമര്‍പ്പിക്കുന്നത് താഴെപ്പറയുന്ന ഏതാനും സംശയങ്ങള്‍ വ്യക്തമായി ക്കിട്ടുവാനാണ്.
1. ശ്രീ ചന്ദ്രശേഖരന്‍ നായര്‍ ശരിയായോ തെറ്റായോ വിശ്വസിക്കുന്നതുപോലെ, റോഡോഫോ എന്ന എലിനാശിനിയില്‍ അടങ്ങിയിട്ടുള്ള Bromadiolone വാസ്തവത്തില്‍ അതിശക്തിയേറിയ വിഷപദാര്‍ത്ഥമാണോ?
2. അതിനെക്കുറിച്ച് സ്വതന്ത്രവും മുന്‍വിധികളില്ലാത്തതുമായ പഠനങ്ങള്‍ നമ്മുടെ തന്നെ (കേരളത്തില്‍ തന്നെയുള്ള) രസതന്ത്രഗവേഷകരും ജീവശാസ്ത്രവിദഗ്ദരും നടത്തിയിട്ടുണ്ടോ? അതോ മറ്റാരോ പ്രചരിപ്പിച്ചിട്ടുള്ള അര്‍ദ്ധസത്യങ്ങള്‍ ആധാരമാക്കിയാണോ നമ്മുടെ സര്‍ക്കാര്‍ ഈ നടപടി ആസൂത്രണം ചെയ്തിട്ടുള്ളത്?
3. അഥവാ നമ്മുടെ തന്നെ സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍വ്വകലാശാലകള്‍ അതുമല്ലെങ്കില്‍ ഗവേഷണസ്ഥാപനങ്ങള്‍ അത്തരം പഠനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍, വിശദമായി അറിയുവാന്‍ താല്പര്യമുള്ള ഒരു സാധാരണ കര്‍ഷകനോ കേരളത്തില്‍ ജീവിയ്ക്കുന്ന ഒരു പാവപ്പെട്ട പൌരനോ ആ വിവരങ്ങള്‍ എവിടെനിന്നു ലഭിക്കും?
4. അഥവാ, ദൌര്‍ഭാഗ്യവശാല്‍, ഇത്തരം പഠനങ്ങളുടെ ഫലം അനുസരിച്ച് റോഡോഫോയും അതുപോലുള്ള വിഷങ്ങളും മഹാദ്രോഹകരമാണെന്നു വ്യക്തമായാല്‍, ജനനന്മയെ കരുതി, ഈ വിതരണപരിപാടി, ഇപ്പോള്‍ തന്നെ വൈകിപ്പോയെങ്കിലും, ഉടനടി നിര്‍ത്തിവെക്കാന്‍ അങ്ങയുടെ സര്‍ക്കാര്‍ സന്മനസ്സു കാണിക്കുമോ?
5. അഥവാ, അത്തരം പഠനങ്ങള്‍ ഇതിനകം നടന്നിട്ടേ ഇല്ലായെങ്കില്‍, പുതുതായി അവ സമാരംഭിക്കുവാനും, ഫലങ്ങള്‍ പുറത്തുവരുന്നതുവരെ ഈയിനം പദാര്‍ത്ഥങ്ങളുടെ വിതരണം നിര്‍ത്തിവെക്കാനും, അങ്ങയുടെ ഭരണകൂടം സന്മനസ്സു കാണിക്കുമോ?
6. ഏതെങ്കിലും തരത്തിലുള്ള നിക്ഷിപ്തതാല്പര്യങ്ങളോ വ്യക്തിബന്ധങ്ങളോ ഇത്തരം പദ്ധതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ അവയ്ക്കെതിരെ എന്തുതരം നടപടികളാണ് അങ്ങ് കൈക്കൊള്ളുവാന്‍ തീരുമാനിക്കുന്നത്?
7. പ്രസ്തുത പദ്ധതിയനുസരിച്ച് വിതരണം ചെയ്യപ്പെടുന്ന പാക്കറ്റുകളിലും വിതരണം ചെയ്യപ്പെടുന്ന രീതിയിലും കേന്ദ്ര-കേരള നിയമങ്ങള്‍ അനുസരിച്ചുള്ള ആരോഗ്യ-വിഷവിജ്ഞാനീയ-കാര്‍ഷികസംബന്ധമായ നിബന്ധനകള്‍ പാലിച്ചിട്ടുണ്ടോ?
8. സൌജന്യമായി വിതരണം ചെയ്യപ്പെടുന്നതുകൊണ്ട് ഇത്തരം പദ്ധതികളില്‍ പങ്കുപറ്റുന്ന ഒരാള്‍ക്ക് ഉല്‍പ്പന്നത്തെക്കുറിച്ച് ഉപയോക്താവിനെന്ന നിലയില്‍ അറിയുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുണ്ടോ?
പല സ്രോതസ്സുകളില്‍നിന്നുമായി ഞങ്ങള്‍ക്കു സമ്പാദിക്കാന്‍ കഴിഞ്ഞ വസ്തുതകളനുസരിച്ച്
Bromadiolone അത്യന്തം മാരകവും വിനാശകാരിയും ദീര്‍ഘകാലപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നവയുമാണ്. ലോകത്തിന്റെ മറ്റു പല സ്ഥലങ്ങളിലും ഇതിനകം പരീക്ഷിച്ചു പരാജയപ്പെട്ട് പിന്‍വലിക്കപ്പെട്ടിട്ടുള്ള ഈ രണ്ടാംതലമുറ കീടനാശിനി കൃഷിയ്ക്കുമാത്രമല്ല വരുംതലമുറയില്‍ ജനിക്കാന്‍പോകുന്ന കുട്ടികളടക്കം നാം ജീവിക്കുന്ന ആവാസവ്യവസ്ഥയെ തകിടം മറിക്കാന്‍ പോന്നതാണെന്നാണ് ഞങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
ഇങ്ങനെയൊക്കെയാണെങ്കില്‍കൂടിയും, കീടനാശിനീരസതന്ത്രത്തിലും കൃഷിശാസ്ത്രത്തിലും സാമാന്യത്തില്‍ക്കവിഞ്ഞ അവഗാഹമില്ലാത്ത ഞങ്ങള്‍, ഉത്തമപൌരന്മാരെന്ന നിലയില്‍
കേരളാ സര്‍ക്കാര്‍ ലഭ്യമാക്കുന്ന സത്യസന്ധവും തെളിയിക്കപ്പെട്ടിട്ടുള്ളതുമായ വസ്തുതകള്‍ വായിച്ചറിഞ്ഞ് സമ്പൂര്‍ണ്ണവിനയത്തോടെ അംഗീകരിക്കാന്‍ ബാദ്ധ്യസ്ഥരും സജ്ജരുമാണ്. അതിനാല്‍ മേല്‍പ്പറഞ്ഞ സംശയങ്ങള്‍ക്ക് ന്യായയുക്തമായ നിവൃത്തിയുണ്ടാക്കിത്തരാന്‍ അങ്ങയുടെ ചുമതലപ്പെട്ട വകുപ്പുദ്യോഗസ്ഥന്മാരോട് ഉത്തരവിടുമെന്നു പ്രതീക്ഷിക്കുന്നു. മാത്രമല്ല, ഈ സംശയങ്ങള്‍ക്കുള്ള മറുപടികള്‍ ന്യായമായ സമയപരിധിക്കുള്ളില്‍, ഈ കത്തെഴുതുന്ന ഞങ്ങള്‍ക്കോരോരുത്തര്‍ക്കുമായോ, അതല്ലെങ്കില്‍ ശ്രീ. ചന്ദ്രശേഖരന്‍ നായര്‍ക്കു മാത്രമായോ അയച്ചുതരുവാനും അങ്ങയുടെ ഉദ്യോഗസ്ഥന്മാര്‍ ശ്രദ്ധ ചെലുത്തുമെന്നു വിശ്വസിക്കുന്നു.
പ്രത്യേകിച്ചൊരു നഷ്ടമില്ലാത്തതുകൊണ്ട് പുരോഗമനപരമായ എന്തിനേക്കുറിച്ചും എതിര്‍ക്കുക എന്ന ഒരു അടച്ച നയമുള്ളവരല്ല, പ്രത്യുത, കേരളത്തിന്റെ മൊത്തം അഭിവൃദ്ധിക്കും ആരോഗ്യത്തിനും ഉതകുന്ന കേവലം ശാസ്ത്രീയവും യുക്തവുമായ ഏതു പ്രവര്‍ത്തനത്തിനും സര്‍വ്വാത്മനാ സഹകരിക്കുവാന്‍ തയ്യാറുള്ളവരാണ് ഈ കത്തെഴുതുന്ന ഞങ്ങള്‍ എന്നുകൂടി ഈ അവസരത്തില്‍ വ്യക്തമാക്കിക്കൊള്ളട്ടെ.
മേല്‍വിവരിച്ച പ്രശ്നങ്ങള്‍ക്കു പുറമേ,
അപരിചിതവും അനുഭവവേദ്യവുമല്ലാത്ത ഒരു കീടനാശിനിയോടുള്ള വൈമുഖ്യത്തിനേക്കാള്‍ ഞങ്ങളെ വേദനിപ്പിക്കുന്നത് ശ്രീ ചന്ദ്രശേഖരന്‍ നായര്‍ക്ക് അങ്ങയുടെ ഉദ്യോഗസ്ഥന്മാരില്‍ നിന്നുണ്ടായ അവജ്ഞ കലര്‍ന്ന അനുഭവമാണ്. അങ്ങയെപ്പോലെ തന്നെ, അങ്ങയുടെ ഉദ്യോഗസ്ഥരെപ്പോലെത്തന്നെ, കേരളത്തില്‍ ജീവിയ്ക്കുന്ന ഓരോ പൌരനും അത്ര തന്നെ ഈ രാജ്യത്തിന്റെ പുരോഗതിയിലും ഐശ്വര്യത്തിലും ഒട്ടും കുറയാത്ത ഉത്തരവാദവും അവകാശവും ഉണ്ടെന്നു ഞങ്ങള്‍ ശക്തമായി വിശ്വസിക്കുന്നു. അറിയുവാനും ആദരിക്കപ്പെടുവാനും ഉള്ള ഒരു സാധാരണ പൌരന്റെ അവകാശത്തെയാണ് അങ്ങയുടെ കീഴില്‍ എല്ലാ മലയാളികള്‍ക്കും മാതൃകയായി പ്രവര്‍ത്തിക്കേണ്ട ഇത്തരം ഉദ്യോഗസ്ഥന്മാര്‍ ലംഘിക്കുന്നത്. ഞങ്ങള്‍ വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന, ജനപ്രിയനും കര്‍മ്മനിരതനുമായ ഒരു മുഖ്യമന്ത്രിയുടെ കീഴില്‍, അദ്ദേഹത്തിനും ഞങ്ങള്‍ക്കുമിടയില്‍, ജനനന്മയുടേയും രാജ്യപുരോഗതിയുടേയും നിര്‍ബാധമായ തുടര്‍ച്ചയ്ക്കു തടയിടുന്ന ഇത്തരം ഉദ്യോഗസ്ഥരോടുള്ള ഞങ്ങളുടെ വ്യക്തിപരവും കൂട്ടായുമുള്ള പ്രതിഷേധം ഈ കത്തിലൂടെ ഞങ്ങള്‍ അറിയിക്കുന്നു. ഇത്തരം അനവധാനപൂര്‍ണ്ണമായ പ്രവര്‍ത്തനശീലമുള്ള അങ്ങയുടെ ശമ്പളക്കാരെ ഞങ്ങള്‍ക്കും മൊത്തം കേരളജനതയ്ക്കും വേണ്ടി അങ്ങ് ശക്തമായി താക്കീതു ചെയ്തുകൊള്ളുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.
അംഗീകരിക്കപ്പെട്ട ഔദ്യോഗികമാര്‍ഗ്ഗങ്ങളിലൂടെയല്ലാതെ, ഇത്തരത്തില്‍, ദീര്‍ഘമായ ഒരെഴുത്തെഴുതി അങ്ങയുടെ വിലയേറിയ സമയം അപഹരിക്കുന്നതില്‍ ഞങ്ങള്‍ക്കു ചെറുതല്ലാത്ത കുണ്ഠിതമുണ്ട്. പക്ഷേ, വിഷയത്തിന്റെ വ്യാപകമായ ഗൌരവവും ഞങ്ങളുടെ നിസ്സഹായതയും കണക്കിലെടുത്ത്, ഈ കത്ത് ഒരു ഔദ്യോഗികമായ പരാതിയായിത്തന്നെ അങ്ങു പരിഗണിക്കണമെന്നും യഥാവിധി നടപടിയെടുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
എന്ന്,
അത്യന്തം വിനയാദരങ്ങളോടെ,
വിശ്വസ്തവിധേയന്‍,
എഴുത്തെഴുതുന്ന ആളുടെ പേര് :
തപാല്‍ വിലാസം :
ഫോണ്‍ നംബര്‍ :
ഈ-മെയില്‍ വിലാസം :
വെബ് സൈറ്റ് അഡ്രസ്സ് :
തീയതി :