Sunday, May 20, 2012

ജലം അമൂല്യമാണ് അത് സ്വന്തം പുരയിടത്തില്‍ സംരക്ഷിക്കാം

മഴവന്നാല്‍ നിറയുന്ന ഞങ്ങളുടെ കിണര്‍. ഞങ്ങള്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് വെള്ളം വീട്ടില്‍  ഉപയോഗിക്കാറില്ല. 1985 പട്ടാളത്തില്‍ നിന്ന് പെന്‍ഷനായി വന്ന് ആദ്യം ഒരു വീടുവെച്ചു. ആ വീട്ടാവശ്യത്തിന് ജലം ലഭ്യമാക്കുവാന്‍ വേണ്ടി 70  മീറ്റര്‍ അകലെ താഴ്ചയുള്ള ഭാഗത്ത് (മൂന്നുവശവും കുന്നാണ്) ഞാനും സദാശിവന്‍ എന്ന തൊഴിലാളിയും ചേര്‍ന്ന് കുഴിച്ച കിണറാണിത്. പത്തടി വീതിയും മുപ്പതടി താഴ്ചയും ഇതിനുണ്ട്. മഴക്കാലങ്ങളില്‍ കിണര്‍ നിറഞ്ഞ് കവിയും. നിറയുമ്പോള്‍ ഇളം നീലനിറത്തില്‍ കാണാം. അതിന് കാരണം മഴവെള്ളത്തിലൂടെ അലിഞ്ഞിറങ്ങുന്ന സെഡിമെന്റ്സ് ആണ്. അത് താല്കാലികം മാത്രം. ഈ വെള്ളം തന്നെയാണ് ഞങ്ങളും പശുക്കളും കുടിക്കാനും കുളിക്കാനും മറ്റും ഉപയോഗിക്കുന്നത്. റബ്ബര്‍ തോട്ടത്തില്‍ നീര്‍ക്കുഴികളുള്ളതുകാരണം അവിടെ ലഭിക്കുന്ന മഴവെള്ളം മണല്‍ കലര്‍ന്ന മണ്ണാകയാല്‍ കിണറ്റില്‍ സംഭരിക്കപ്പെടുന്നു. വര്‍ഷങ്ങളായി മഗ്നീഷ്യം സല്‍ഫേറ്റല്ലാതെ മറ്റൊരു രാസവളവും റബ്ബറിന് ഇടാറില്ല. പല വര്‍ഷങ്ങളിലും ഞങ്ങളുടെ ചുറ്റുപാടും ഉള്ള കിണറുകള്‍ വറ്റി വറണ്ടിട്ടും ഈ കിണറ്റില്‍ വെള്ളം ഉണ്ടായിരുന്നു. അയല്‍ക്കാര്‍ പലരും അന്ന് ഈ കിണറ്റിലെ വെള്ളം കുളിക്കാനായി ഉപയോഗിച്ചിരുന്നു. കേരള വാട്ടര്‍ അതോറിറ്റി വിളപ്പില്‍ശാലയിലെ ജൈവേതര മലിന്യങ്ങളില്‍ നിന്ന് അലിഞ്ഞിറങ്ങുന്ന വെള്ളമല്ലെ പമ്പ് ചെയ്ത് വിതരണം ചെയ്യുന്നത്? അതിനേക്കാള്‍ എത്ര സുരക്ഷിതമാണ് നമ്മുടെ കിണര്‍ വെള്ളം.

കഴിഞ്ഞ നാലുവര്‍ഷമായി കിണര്‍ ഇറച്ചിട്ട്. ഇന്ന് രാവിലെ അഞ്ചു മണിമുതല്‍ ജറ്റ് പമ്പിനെ മോണോബ്ലോക്കാക്കി രൂപാന്തരം വരുത്തിയ പമ്പ്  (ജറ്റ് പമ്പായിരുന്നപ്പോള്‍ വൈദ്യുതി ചാര്‍ജ് വളരെ കൂടുതല്‍ നല്‍കേണ്ടി വന്നു) ഉപയോഗിച്ച് പമ്പുചെയ്ത് ഫുട് വാല്‍വ് നിരപ്പായപ്പോള്‍ കിണറ്റില്‍ ഏണി ചാരി ഇറങ്ങി നാലടി നീളം പൈപ്പ് ഞാന്‍ തന്നെ കൂട്ടിച്ചേര്‍ത്ത് പമ്പ് ചെയ്ത് പത്തുമണിയോടെ  ഏഴടി ഉയരത്തിലുണ്ടായിരുന്ന ജലം മുഴുവന്‍ വറ്റിച്ചു. കിണറ്റിലിറങ്ങിയ എനിക്ക് കാണാന്‍ കഴിഞ്ഞത് രണ്ടടിയോളം അഴുകിയ ഇലകളാണ്. നാലടി ഉയരത്തില്‍ ഫുട്‌വാല്‍വായതുകാരണം ലഭിച്ചിരുന്ന ജലത്തില്‍ പ്രശ്നങ്ങളൊന്നും അനുഭവപ്പെട്ടിരുന്നില്ല. പത്തുമണിക്ക് വരാമെന്നേറ്റിരുന്ന ഒരു പുരുഷ തൊഴിലാളി വരാഞ്ഞതിനാല്‍ ചെളിമുഴുവന്‍ വാരി മകനെക്കൊണ്ട്  വലിപ്പിച്ച് കരയില്‍ കയറ്റി. അവന് അത്യാവശമായി മറ്റൊരാവശ്യത്തിന് പോകേണ്ടിവന്നതിനാല്‍ ടെലഫോണ്‍ ചെയ്ത് അജേഷ് എന്ന സര്‍വ്വവിധ തൊഴിലാളിയെ വരുത്തി. അജേഷിന് ചെയ്യാന്‍ കഴിയാത്ത പണികള്‍ വളരെ കുറവാണ്. എന്തുപണിയും ആത്മാര്‍ത്ഥതയോടെ ചെയ്യാന്‍ കഴിയുന്ന അവനും ഞാനും കൂടി വൈകുന്നേരം മൂന്നുമണിവരെ പാടുപെട്ട് കിണര്‍ വൃത്തിയാക്കി. എന്റെ ഇഷ്ടപ്രകാരം വിളിച്ചപ്പോള്‍ വന്നതിന്റെ പേരില്‍ ആയിരം രൂപ ശമ്പളമായി നല്‍കി. താഴെയറ്റത്തുള്ള മണ്ണിന് അല്പം ബലക്കുറവുണ്ട് എന്നതൊഴിച്ചാല്‍ ഞങ്ങളുടെ കിണര്‍ ഞങ്ങള്‍ക്ക് ഏറ്റവും പ്രീയപ്പെട്ടതുതന്നെയാണ്. രാവിലെ ബ്രേക്ക് ഫാസ്റ്റോ, ഉച്ചയൂണോ കഴിക്കാതെയാണ് ഞാനിത്രയും ജോലിചെയ്തത്. കഴിച്ചത് ഉച്ചയ്ക്ക് ഒരു പാത്രം നിറയെ കഞ്ഞിവെള്ളം.

പ്രകൃതി തരുന്ന ഈ അനുഗ്രഹത്തിന്റെ വില അറിയണമെങ്കില്‍ കുടിവെള്ളം കിട്ടാത്ത ഒരവസ്ഥ ഉണ്ടാവണം. ഇന്നലെ മഹാരാഷ്ടയില്‍ നിന്ന് എന്റെ മകള്‍ പറഞ്ഞത് ആകെ ഒരു ബക്കറ്റ് വെള്ളമാണ് ലഭിച്ചത് അതുകൊണ്ട് ഊണ് ഹോട്ടലില്‍ നിന്നെടുത്തു എന്നാണ്. മഹാരാഷ്ട്രയുടെ പല ഭാഗങ്ങളും വരള്‍ച്ചയുടെ പിടിയിലാണ്. 
പതിനാറ് മണിക്കൂറിന് ശേഷം കിണറ്റില്‍ ഊറിക്കിട്ടിയ മൂന്നടി ജലം സ്പടികം കണക്കെ കാണാം. ജലത്തിന് മുളില്‍ പൊങ്ങിക്കിടക്കുന്ന ഇലകളും, തറ നിരപ്പിലെ മണ്ണും വ്യക്തമായി കാണാം.. 1 comment:

Anonymous said...

Sir, you are doing a good work. Nanmakalude nadu , adwanathinteyum... athu ningale pole churukkam chilaril mathram.