Thursday, May 31, 2012

TMACT വിളവെടുപ്പ് 2012 ജൂണ്‍ 1 ന് നടന്നു

കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ സോയില്‍ സയന്‍സ് വിഭാഗം മേധാവിയായിരുന്ന ഡോ. തോമസ് വര്‍ഗീസ് തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റ് പ്ലാന്റിന് (TMACP) സമീപം. ജൂണ്‍ പതിനഞ്ചിനാണ് വിളവെടുക്കേണ്ടിയിരുന്നത്. എന്നാല്‍ പ്ലാന്റിന് സമീപം എലികള്‍ വിളവെടുപ്പ് നടത്തി കമ്പോസ്റ്റ് തയ്യാറായി എന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്തിരിക്കുന്നത്. അതിനാല്‍ വിളപ്പില്‍, വിളവൂര്‍ക്കല്‍, മലയിന്‍കീഴ് പഞ്ചായത്തുകളിലെ കൃഷി ഓഫീസര്‍മാരെയും, പഞ്ചായത്ത് പ്രസിഡന്റുമാരെയും കൂടാതെ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെയും ജൂണ്‍ ഒന്നിന് വൈകുന്നേരം നാല് മണിക്ക് വിളവെടുപ്പില്‍ പങ്കെടുക്കുവാന്‍ ക്ഷണിച്ചിരുന്നു.
നേമം ബ്ലോക്ക് പഞ്ചായത്ത് പെരുകാവ്  ഡിവിഷന് മെമ്പര്‍ കെ.ജയകുമാര്‍ വിളവെടുപ്പ് ഉത്ഘാടനം ചെയ്യുന്നു. മലയിന്‍കീഴ് കൃഷിഭവന്‍ കൃഷിഓഫീസര്‍ നിര്‍മ്മല സി ജോര്‍ജ്, കൃഷി അസിസ്റ്റന്റ് ബിന എന്നിവരെയും ചിത്രത്തില്‍ കാണാം.മേല്‍ നടപടികള്‍ ഉണ്ടാവേണ്ടത് ബ്ലോക്ക് മെമ്പറുടെ ഭാഗത്തുനിന്നാണ്. ഏപ്രില്‍ ലക്കം ഹരിതഭൂമി മാഗസീന്‍ ഞാന്‍ ശ്രീ കെ.ജയകുമാറിന് നല്‍കിയിട്ടുണ്ട്. ഓലയുടെ ഏറിയ പങ്കും കമ്പോസ്റ്റ് ആയി മാറിയെങ്കിലും ചെറിയൊരു ഭാഗം ഈര്‍ക്കിലും പച്ച മടലും കമ്പോസ്റ്റായില്ല. ധാരാളം കുണ്ടളപ്പുഴുക്കള്‍ കാണാന്‍ കഴിഞ്ഞു. അതിന് പരിഹാരമായി കാര്‍ഷിക സര്‍വ്വകലാശാലയില്‍നിന്ന് കിട്ടുന്ന ബാക്ടീരിയ കള്‍ച്ചര്‍ ഇടയില്‍ സ്പ്രേ ചെയ്താല്‍ കുണ്ടളപ്പുഴുവിന്റെ ശല്യം ഒഴിവാക്കുവാന്‍ കഴിയും എന്ന നിര്‍ദ്ദേശം കൃഷി ഓഫീസറില്‍ നിന്ന് ലഭിച്ചു.
കൃഷി ഓഫീസറുടെ മകന് രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ഒരു പ്രസന്റേഷന്‍ അവതരിപ്പിച്ചതില്‍ നെറ്റില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ഈ കമ്പോസ്റ്റ് പ്ലാന്റ് കിട്ടിയതാണ് ഉള്‍പ്പെടുത്തിയത് എന്നും പറയുകയുണ്ടായി.
പ്ലാന്റിലെ താപം കുറഞ്ഞതിനാലാണ് ഇപ്രകാരം കുണ്ടളപ്പുഴുവും മറ്റും ഉണ്ടാകുന്നതെന്നും അല്പക്കൂടെ നേരത്തെ വിളവെടുപ്പ് നടത്തിയാല്‍ അത് ഒഴിവാക്കാം എന്നുമാണ് ഡോ. ഫ്രാന്‍സിസ് സേവ്യര്‍ അഭിപ്രായപ്പെടുന്നത്.
 അഞ്ച് കട്ടകള്‍ മാറ്റി വിളവെടുപ്പ് പൂര്‍ത്തിയാക്കാന്‍ നാല് ദിവസം വൈകി. അടുത്ത സംസ്കരണ പ്രക്രിയ ഉടന്‍ ആരംഭിക്കുന്നു.
 ഏകദേശം അര ടണ്ണോളം കമ്പോസ്റ്റ് സംഭരിച്ചു. ഉണ്ടായിരുന്ന കുണ്ടളപ്പുഴുക്കളെ കാക്കകള്‍ക്ക് ഭക്ഷണമായി നല്‍കി.

Tuesday, May 22, 2012

ചെലവുകുറഞ്ഞ കമ്പോസ്റ്റ് നിര്‍മ്മാണം

കേരളവെറ്റിറനറി യൂണിവേഴ്സിറ്റിയുടെ കീഴില്‍ തുമ്പൂര്‍മൂഴിയില്‍ ഡോ.ഫ്രാന്‍സിസ് സേവ്യറുടെ മേല്‍നോട്ടത്തില്‍ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയതാണ് തുമ്പൂര്‍മൂഴി മോഡല്‍ എയറോബിക് കമ്പോസ്റ്റിംഗ്. രാസവസ്തുക്കള്‍ ഒന്നും ഉപയോഗിക്കാതെ നമ്മുടെ വീട്ടുമുറ്റത്ത് ദുര്‍ഗന്ധമില്ലാതെ 90 ദിവസംകൊണ്ട് പച്ചിലയും, ചിരട്ടയും ഒഴികെയുള്ള ജൈവ മാലിന്യങ്ങളെല്ലാംതന്നെ കമ്പോസ്റ്റാക്കി മാറ്റാം. മീഥൈന്‍ വാതകം പുറംതള്ളാതെ കാര്‍ബണ്‍ഡൈ ഓക്സൈഡ് പുറംതള്ളപ്പെടുകയാണ് ഇതിന്റെ പ്രത്യേകത. വളരെ ചെലവു കുറഞ്ഞ രീതിയില്‍ ഇത്തരത്തിലൊരു പ്ലാന്റ് നിര്‍മ്മിക്കുവാന്‍ 2000 രൂപയില്‍ താഴെ മാത്രമെ ചെലവ് വരികയുള്ളു. 15" നീളമുള്ള 60 കോണ്‍ക്രീറ്റ് കട്ടകള്‍ ഉപയോഗിച്ച് പ്ലാന്റ് നിര്‍മ്മിക്കാം. ഹോളോ ഇല്ലാത്ത കട്ടകളാകയാല്‍ സിമന്റും മണലും മെസ്തിരിയും ഇല്ലാതെതന്നെ നമുക്കിത് സ്വയം നിര്‍മ്മിക്കാം. കട്ടകള്‍ അകലമിട്ട്  അടുക്കിയാല്‍ മതി. ഉള്‍ഭാഗം 4'x4'x4' ചതുരത്തിലാണ്  കട്ടകള്‍ അടുക്കേണ്ടത്. 

സിമന്റിട്ട തറയിലോ, മണ്ണിന് മുകളിലോ എയറോബിക് കമ്പോസ്റ്റ് പ്ലാന്റ് നിര്‍മ്മിക്കാം.  രണ്ട് എതിര്‍ വശത്തും മൂന്ന് കട്ടകള്‍വീതവും  മറ്റ് വശങ്ങളില്‍ രണ്ട് കട്ട വീതവും ഇടയില്‍ ഒരു കട്ടയുടെ പകുതി (7.5") അകലം നല്‍കി ഉള്‍ഭാഗം 4'x4'x4' ചതുരത്തില്‍ നിരത്തിവെയ്ക്കുക. കോണോട് കോണ്‍ അളവെടുത്ത് ചതുരമാണെന്ന് ഉറപ്പുവരുത്തുകയും ആവാം. അതിനുള്ളില്‍ ഏറ്റവും താഴെയറ്റത്ത് ആറിഞ്ച് കനത്തില്‍ ചാണകമോ കട്ടിയായ ബയോഗ്യാസ് സ്ലറിയോ നിറയ്ക്കാം. അതിന് മുകളില്‍ കുറച്ച് ഉണങ്ങിയ കരിയിലകള്‍ നിരത്തിയശേഷം ഇറച്ചിയുടെയും മീനിന്റെയും കോഴിയുടെയും തുടങ്ങി ഏത് ജൈവമാലിന്യവും നിക്ഷേപിക്കാം. അതിന് മുകളില്‍ വീണ്ടും ചാണകമോ, കട്ടികൂടിയ സ്ലറിയോകൊണ്ട് മൂടാം. അപ്രകാരം മൂടിക്കഴിഞ്ഞാല്‍ പൂര്‍ണമായും ദുര്‍ഗന്ധരഹിതമായി മാറും. ചെറു കുടുംബങ്ങള്‍, ഫ്ലാറ്റുകള്‍ മുതലായവയ്ക്ക് ഈ രീതി വളരെ സൌകര്യപ്രദമാണ്. കരിയിലയോടൊപ്പം ഉണങ്ങിയ ഓല, മടല്‍, ക്ലാഞ്ഞില്‍, തൊണ്ട് മുതലായവയും നിക്ഷേപിക്കാം. കമ്പോസ്റ്റായി മാറുമ്പോള്‍ ഓലയും മടലുമെല്ലാം ജൈവസമ്പുഷ്ടമായ വളമായി മാറും.

ഘട്ടം ഘട്ടമായി ലയറുകളായി പ്ലാന്റ് നിറയ്കാകം. എടുത്ത് മാറ്റുവാന്‍ കഴിയുന്ന കട്ടകളാകയാല്‍ പ്ലാന്റ് നിറയ്ക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകുകയില്ല. സ്ഥല പരിമിതി ഉള്ളവര്‍ക്ക് കമ്പോസ്റ്റ് നിര്‍മ്മാണത്തിന് ശേഷം മറ്റൊരു സ്ഥലത്ത് മാറ്റി സ്ഥാപിക്കുയും ആവാം. പ്ലാന്റിന് മുകളില്‍ മഴ നനയാതിരിക്കവാന്‍ മേല്‍ക്കൂര അനിവാര്യമാണ്. പ്ലാന്റില്‍നിന്നും ജലത്തുള്ളികള്‍ വീഴുകയില്ലാത്തതിനാല്‍ ടെറസിന് മുകളിലും പ്ലാന്റ് നിര്‍മ്മിക്കാം. മേല്‍ക്കൂര മെടഞ്ഞ ഓലകൊണ്ടോ, ഫ്ലക്സ് ഷീറ്റുകൊണ്ടോ, ടിന്‍ഷീറ്റുകൊണ്ടോ, ലഭ്യമായ മറ്റ് വസ്തുക്കള്‍ കൊണ്ടോ നിര്‍മ്മിക്കാം. ജൈവ മാലിന്യങ്ങളല്ലാത്ത പ്ലാസ്റ്റിക്ക്, കുപ്പിയോട്, ഇരുമ്പ് കഷണങ്ങള്‍, ഫ്യൂസായ ബാറ്ററി തുടങ്ങിയവ  പ്ലാന്റില്‍ നിക്ഷേപിക്കുവാന്‍ പാടില്ല.

ബയോഗ്യാസ് പ്ലാന്റുകളിലേയ്ക്ക് കക്കൂസ് വിസര്‍ജ്യവും സോപ്പ് വെള്ളം ഒഴിവാക്കി പ്രയോജനപ്പെടുത്താം. അതിലൂടെ ലഭിക്കുന്ന സ്ലറി കട്ടിയായ രൂപത്തിലാക്കി ചാണകത്തിന് പകരം പ്ലാന്റില്‍ നിക്ഷേപിക്കാം.  കൈകൊണ്ട് വാരാതെ തന്നെ ഏതെങ്കിലും അനുയോജ്യമായ കയ്യുറയും ഉപകരണങ്ങളും ഉപയോഗിക്കുവാനും കൈകാര്യം ചെയ്യുവാനും കഴിയും.  ഈ പ്ലാന്റിനുള്ളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 70-75 ഡിഗ്രി സെല്‍ഷ്യയസ്സായി താപം ഉണ്ടാകുന്നതിനാല്‍ അണുബാധ ഉണ്ടാവുകയില്ല, മാത്രവുമല്ല സ്ലറിയിലടങ്ങിയിട്ടുള്ള കോളിഫാം ബാക്ടീരിയ നശിക്കുകയും ചെയ്യും.  ഇപ്രകാരം പരിസ്ഥിതി മലിനീകരണം നമുക്ക് പൂര്‍ണമായും ഒഴിവാക്കാം. മണ്ണിലൂടെ ആഴ്ന്നിറങ്ങുന്ന ജലം ബാക്ടീരിയകളുടെ സഹായത്താല്‍ ശുദ്ധീകരിക്കപ്പെടുകയും ശുദ്ധമായ കുടിവെള്ളം ലഭ്യമാകുകയും ചെയ്യും.


ഇത് പൂര്‍മമായും നിറഞ്ഞുകഴിഞ്ഞ പ്ലാന്റാണ്. മൂന്നുമാസത്തെ വിശ്രമം ഇതിലൂടെ ലഭിക്കുന്ന ജൈവവളത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും. ലാലൂരും, വിളപ്പില്‍ശാലയും സൃഷ്ടിച്ച നമുക്കുതന്നെ പരിഹാരവും കണ്ടെത്താം. ജലാശയങ്ങളിലേയ്ക്ക് ഒഴുക്കിവിടുന്ന കക്കൂസ് മാലിന്യങ്ങള്‍ ഇത്തരം പ്ലാന്റുകളിലൂടെ കമ്പോസ്റ്റായി മാറുമ്പോള്‍ നമ്മുടെ ജലസ്രോതസ്സുകളും സംരക്ഷിക്കപ്പെടും. ലഭിക്കുന്ന ജൈവവളം കൊണ്ട് പച്ചക്കറികളും മറ്റും കൃഷിചെയ്ത് നാം ഭക്ഷിക്കുന്ന ഭക്ഷണം ഒരു പരിധിവരെ വിഷമുക്തമാക്കുകയും ചെയ്യാം. മൃഗസംരക്ഷണത്തിനും, കൃഷിക്കും സര്‍ക്കാര്‍ ഒരു വശത്തുകൂടി പ്രോത്സാഹനം നല്‍കുകയും കേരളസ്റ്റേറ്റ് പൊലുഷന്‍ കണ്ട്രോള്‍ ബോര്‍ഡ് കര്‍ഷകര്‍ക്ക് നേരെ വാളോങ്ങുകയും ചെയ്യുന്നു.  കെഎസ്‌പിസിബി മാലിന്യസംസ്കരണത്തിന് കര്‍ഷകരെ സഹായിച്ചിരുന്നുവെങ്കില്‍ എത്ര നന്നായേനെ.  പൈപ്പ് കമ്പോസ്റ്റുണ്ടാക്കി പൊതുജനത്തിന്റെ നികുതിപ്പണത്തില്‍ നിന്ന് സബ്സിഡി അടിച്ചുമാറ്റി വേണ്ടപ്പെട്ടവരെ സഹായിക്കുവാനുള്ള കുതന്ത്രമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ബയോഗ്യാസ് പ്ലാന്റില്‍ നിന്നും പുറംതള്ളുന്ന സ്ലറി മണ്‍ കുഴിയില്‍ കെട്ടിനിറുത്തി ജലാംശം മണ്ണിലേയ്ക്ക് ആഴ്ത്താം. പ്രസ്തുത സ്ലറി തറനിരപ്പിന് മുകളില്‍ കോരി ഒഴിച്ച് ചാണകം പോലെ കട്ടിയായി മാറ്റം. ഉണങ്ങിയ ഇലകളും മറ്റും തൊഴുത്ത് കഴുകുകയും പശുക്കളെ കുളിപ്പിക്കുകയും ചെയ്യുന്ന ജലം സംഭരിച്ച് അതില്‍ നിക്ഷേപിക്കാം. അത് കരയില്‍ കോരിയിട്ട് ഈര്‍പ്പം മാറ്റി കമ്പോസ്റ്റ് പ്ലാന്റില്‍ നിക്ഷേപിക്കാം.

Sunday, May 20, 2012

ജലം അമൂല്യമാണ് അത് സ്വന്തം പുരയിടത്തില്‍ സംരക്ഷിക്കാം

മഴവന്നാല്‍ നിറയുന്ന ഞങ്ങളുടെ കിണര്‍. ഞങ്ങള്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് വെള്ളം വീട്ടില്‍  ഉപയോഗിക്കാറില്ല. 1985 പട്ടാളത്തില്‍ നിന്ന് പെന്‍ഷനായി വന്ന് ആദ്യം ഒരു വീടുവെച്ചു. ആ വീട്ടാവശ്യത്തിന് ജലം ലഭ്യമാക്കുവാന്‍ വേണ്ടി 70  മീറ്റര്‍ അകലെ താഴ്ചയുള്ള ഭാഗത്ത് (മൂന്നുവശവും കുന്നാണ്) ഞാനും സദാശിവന്‍ എന്ന തൊഴിലാളിയും ചേര്‍ന്ന് കുഴിച്ച കിണറാണിത്. പത്തടി വീതിയും മുപ്പതടി താഴ്ചയും ഇതിനുണ്ട്. മഴക്കാലങ്ങളില്‍ കിണര്‍ നിറഞ്ഞ് കവിയും. നിറയുമ്പോള്‍ ഇളം നീലനിറത്തില്‍ കാണാം. അതിന് കാരണം മഴവെള്ളത്തിലൂടെ അലിഞ്ഞിറങ്ങുന്ന സെഡിമെന്റ്സ് ആണ്. അത് താല്കാലികം മാത്രം. ഈ വെള്ളം തന്നെയാണ് ഞങ്ങളും പശുക്കളും കുടിക്കാനും കുളിക്കാനും മറ്റും ഉപയോഗിക്കുന്നത്. റബ്ബര്‍ തോട്ടത്തില്‍ നീര്‍ക്കുഴികളുള്ളതുകാരണം അവിടെ ലഭിക്കുന്ന മഴവെള്ളം മണല്‍ കലര്‍ന്ന മണ്ണാകയാല്‍ കിണറ്റില്‍ സംഭരിക്കപ്പെടുന്നു. വര്‍ഷങ്ങളായി മഗ്നീഷ്യം സല്‍ഫേറ്റല്ലാതെ മറ്റൊരു രാസവളവും റബ്ബറിന് ഇടാറില്ല. പല വര്‍ഷങ്ങളിലും ഞങ്ങളുടെ ചുറ്റുപാടും ഉള്ള കിണറുകള്‍ വറ്റി വറണ്ടിട്ടും ഈ കിണറ്റില്‍ വെള്ളം ഉണ്ടായിരുന്നു. അയല്‍ക്കാര്‍ പലരും അന്ന് ഈ കിണറ്റിലെ വെള്ളം കുളിക്കാനായി ഉപയോഗിച്ചിരുന്നു. കേരള വാട്ടര്‍ അതോറിറ്റി വിളപ്പില്‍ശാലയിലെ ജൈവേതര മലിന്യങ്ങളില്‍ നിന്ന് അലിഞ്ഞിറങ്ങുന്ന വെള്ളമല്ലെ പമ്പ് ചെയ്ത് വിതരണം ചെയ്യുന്നത്? അതിനേക്കാള്‍ എത്ര സുരക്ഷിതമാണ് നമ്മുടെ കിണര്‍ വെള്ളം.

കഴിഞ്ഞ നാലുവര്‍ഷമായി കിണര്‍ ഇറച്ചിട്ട്. ഇന്ന് രാവിലെ അഞ്ചു മണിമുതല്‍ ജറ്റ് പമ്പിനെ മോണോബ്ലോക്കാക്കി രൂപാന്തരം വരുത്തിയ പമ്പ്  (ജറ്റ് പമ്പായിരുന്നപ്പോള്‍ വൈദ്യുതി ചാര്‍ജ് വളരെ കൂടുതല്‍ നല്‍കേണ്ടി വന്നു) ഉപയോഗിച്ച് പമ്പുചെയ്ത് ഫുട് വാല്‍വ് നിരപ്പായപ്പോള്‍ കിണറ്റില്‍ ഏണി ചാരി ഇറങ്ങി നാലടി നീളം പൈപ്പ് ഞാന്‍ തന്നെ കൂട്ടിച്ചേര്‍ത്ത് പമ്പ് ചെയ്ത് പത്തുമണിയോടെ  ഏഴടി ഉയരത്തിലുണ്ടായിരുന്ന ജലം മുഴുവന്‍ വറ്റിച്ചു. കിണറ്റിലിറങ്ങിയ എനിക്ക് കാണാന്‍ കഴിഞ്ഞത് രണ്ടടിയോളം അഴുകിയ ഇലകളാണ്. നാലടി ഉയരത്തില്‍ ഫുട്‌വാല്‍വായതുകാരണം ലഭിച്ചിരുന്ന ജലത്തില്‍ പ്രശ്നങ്ങളൊന്നും അനുഭവപ്പെട്ടിരുന്നില്ല. പത്തുമണിക്ക് വരാമെന്നേറ്റിരുന്ന ഒരു പുരുഷ തൊഴിലാളി വരാഞ്ഞതിനാല്‍ ചെളിമുഴുവന്‍ വാരി മകനെക്കൊണ്ട്  വലിപ്പിച്ച് കരയില്‍ കയറ്റി. അവന് അത്യാവശമായി മറ്റൊരാവശ്യത്തിന് പോകേണ്ടിവന്നതിനാല്‍ ടെലഫോണ്‍ ചെയ്ത് അജേഷ് എന്ന സര്‍വ്വവിധ തൊഴിലാളിയെ വരുത്തി. അജേഷിന് ചെയ്യാന്‍ കഴിയാത്ത പണികള്‍ വളരെ കുറവാണ്. എന്തുപണിയും ആത്മാര്‍ത്ഥതയോടെ ചെയ്യാന്‍ കഴിയുന്ന അവനും ഞാനും കൂടി വൈകുന്നേരം മൂന്നുമണിവരെ പാടുപെട്ട് കിണര്‍ വൃത്തിയാക്കി. എന്റെ ഇഷ്ടപ്രകാരം വിളിച്ചപ്പോള്‍ വന്നതിന്റെ പേരില്‍ ആയിരം രൂപ ശമ്പളമായി നല്‍കി. താഴെയറ്റത്തുള്ള മണ്ണിന് അല്പം ബലക്കുറവുണ്ട് എന്നതൊഴിച്ചാല്‍ ഞങ്ങളുടെ കിണര്‍ ഞങ്ങള്‍ക്ക് ഏറ്റവും പ്രീയപ്പെട്ടതുതന്നെയാണ്. രാവിലെ ബ്രേക്ക് ഫാസ്റ്റോ, ഉച്ചയൂണോ കഴിക്കാതെയാണ് ഞാനിത്രയും ജോലിചെയ്തത്. കഴിച്ചത് ഉച്ചയ്ക്ക് ഒരു പാത്രം നിറയെ കഞ്ഞിവെള്ളം.

പ്രകൃതി തരുന്ന ഈ അനുഗ്രഹത്തിന്റെ വില അറിയണമെങ്കില്‍ കുടിവെള്ളം കിട്ടാത്ത ഒരവസ്ഥ ഉണ്ടാവണം. ഇന്നലെ മഹാരാഷ്ടയില്‍ നിന്ന് എന്റെ മകള്‍ പറഞ്ഞത് ആകെ ഒരു ബക്കറ്റ് വെള്ളമാണ് ലഭിച്ചത് അതുകൊണ്ട് ഊണ് ഹോട്ടലില്‍ നിന്നെടുത്തു എന്നാണ്. മഹാരാഷ്ട്രയുടെ പല ഭാഗങ്ങളും വരള്‍ച്ചയുടെ പിടിയിലാണ്. 
പതിനാറ് മണിക്കൂറിന് ശേഷം കിണറ്റില്‍ ഊറിക്കിട്ടിയ മൂന്നടി ജലം സ്പടികം കണക്കെ കാണാം. ജലത്തിന് മുളില്‍ പൊങ്ങിക്കിടക്കുന്ന ഇലകളും, തറ നിരപ്പിലെ മണ്ണും വ്യക്തമായി കാണാം..