Tuesday, October 30, 2012

ബയോടെക്കും പ്ലാന്റ് സര്‍വ്വീസിങ്ങും

-->
തിരുവനന്തപുരത്തുള്ള ബയോടെക് എന്ന പ്രമുഖ സ്ഥാപനം 2005 ല്‍ സ്ഥാപിച്ചതാണ് എന്റെ ബയോഗ്യാസ് പ്ലാന്റ്. 18500 രൂപ ചെലവാക്കി (രണ്ട് റിംഗുകള്‍ കൂടുതലിട്ട് താഴ്ച കൂട്ടി) അന്ന് സ്ഥാപിച്ച പ്ലാന്റിനുള്ള സബ്സിഡിആയ 3500 രൂപ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് തന്നത്. ഈ മാസം പതിനാറാം തീയതി എന്റെ പ്ലാന്റിന്റെ മധ്യഭാഗത്തുള്ള ജിഐ പൈപ്പ് പൊട്ടി പ്ലാന്റ് ചെരിഞ്ഞു. തുടക്കം മുതല്‍ തന്നെ ഗോമൂത്രം, പുളിഞ്ചിക്ക മുതലായവ പ്ലാന്റില്‍ നിക്ഷേപിച്ചാല്‍ ആ നിമിഷം തുരുമ്പ് കയറി ജാം ആകുകയും മുകളിലേയ്ക്കും താഴേയ്ക്കും ഉള്ള ചലനം നിലയ്ക്കുകയും ചെയ്യും. ഇവയില്‍നിന്നും ധാരാളം ഗ്യാസ് ലഭിക്കുമെന്നിരിക്കെ അത് അതിജീവിക്കുവാനുള്ള സംവിധാനം നടപ്പിലാക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്റെ പലപ്രാവശ്യത്തെ പരാതി കാരണം ഇപ്പോള്‍ അവര്‍ മോഡിഫൈ ചെയ്തിരിക്കാം. ഒരാഴ്ച ആയിട്ടും എന്റെ പ്ലാന്റ് നന്നാക്കാന്‍ ആളെ അയച്ചില്ല. ഇതിനിടയ്ക്ക് ഫോണ്‍ ചെയ്തപ്പോള്‍ ആളെ അയക്കാമെന്ന് പറഞ്ഞിരുന്നു. അതും ഉണ്ടായില്ല. 24-10-2012 ന് ഓഫീസില്‍ വിളിച്ചപ്പോള്‍ അവധിയാണെന്ന് പറഞ്ഞു. എം.ഡി സജിദാസിനെ വിളിച്ചപ്പോള്‍ നാളെ ആളെ അയക്കാമെന്ന് പറഞ്ഞു. നാളിതുവരെ നന്നാക്കാത്തതിന്റെ പേരില്‍ എനിക്കല്പം പരുഷമായിത്തന്നെ സംസാരിക്കേണ്ടി വന്നു. ഞാന്‍ പറഞ്ഞു മേലില്‍ നിങ്ങളുടെ സേവനം എനിക്കാവശ്യമില്ല. എന്റെ സ്വന്തം ബുദ്ധി ഉപയോഗിച്ച് ഞാനത് നന്നാക്കിക്കോളാം എന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു  
ഒരു സ്ഥാപനം എത്ര വലുതായാലും അവശ്യ ഘട്ടത്തില്‍ ഉപകരിച്ചില്ലെങ്കില്‍ ആ സ്ഥാപനത്തോട് വെറുപ്പ് മാത്രമെ തോന്നൂ. എട്ട് ദിവസത്തോളമായി തൊഴുത്തിന്റെ മുന്‍വശം ചാണകം കൂട്ടിയിട്ടിരിക്കുകയാണ്. മഴകാരണം മുറ്റം ചാണകവെള്ളം കൊണ്ട് നിറയുന്നു. ഇന്നലെ (30-10-2012) ഞാന്‍ എന്റെ ആശയമുപയോഗിച്ച്  മോഡിഫൈ ചെയ്തു. മുറിഞ്ഞ പൈപ്പിനെ മറ്റൊരു നീളം കൂടിയ പൈപ്പു കൂട്ടിച്ചേര്‍ത്ത് വെല്‍ഡു ചെയ്ത് ഉരം കൂട്ടി. അതിന് മുകളിലൂടെ കനം കുറഞ്ഞ പി.വി.സി പൈപ്പ് ഫിറ്റ് ചെയ്ത് ചലിക്കാത്ത രീതിയില്‍ ഉറപ്പിച്ചു. അതിന്റെ ചിത്രമുള്‍പ്പെടെ നെറ്റില്‍ ലഭ്യമാക്കുന്നത് ഇത്തരം ബിസിനസ്സുകാരുടെ സേവനം ലഭിക്കാഞ്ഞാല്‍ സ്വയം റിപ്പയര്‍ ചെയ്യാന്‍ കഴിയുന്നതിലേയ്ക്കാണ്. പ്ലാന്റിന്റെ ഉള്ളില്‍ കട്ടിയായി പൊങ്ങിക്കിടന്ന സ്ലറി-ചാണകം  വെട്ടിമാറ്റി. പ്ലാന്റിനുള്ളില്‍ ചാണകത്തോടൊപ്പം വീണ മണ്ണിനെ കോരി മാറ്റി. അതിന്ശേഷം പ്ലാന്റിനുള്ളിലേയ്ക് കുറച്ച് ദിവസമായി കലക്കാതിട്ടിരിക്കുന്ന ചാണകം കലക്കിയൊഴിച്ച് ഗ്യാസ് സ്റ്റോറേജ് ടാങ്കും ഫിറ്റ്  ചെയ്തു.    ണ്ടുവര്‍ഷത്തിലൊരിക്കലെങ്കിലും സ്വയം നാം തന്നെ സര്‍വ്വീസു ചെയ്താല്‍ ബയോഗ്യാസ് പ്ലാന്റിന്റെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താം.   സ്റ്റോറേജ് ടാങ്ക് താഴെയറ്റത്ത് തട്ടാത്തരീതിയില്‍ മറ്റൊരു പരിഷ്കാരവും നടത്തി.   അളവെടുപ്പ് കൃത്യമല്ലാത്തതിനാല്‍ അരയടി ഉയരം സപ്പോര്‍ട്ട് കഷ്ണത്തിന് കൂടിപ്പോയി.             
പൈപ്പിന് ഉയരം കൂട്ടി പിവിസി കവറിംഗ് ഉള്ളതിനാല്‍ മേലില്‍ തുരുമ്പുകാരണം സ്ടക്കാവുകയില്ല.
 ഇന്‍സ്റ്റാള്‍ ചെയ്ത സ്ഥാപനത്തിന്റെ സഹായമില്ലാതെ സര്‍വ്വീസിംഗ് പൂര്‍ത്തിയാക്കി. സീവേജ് വേസ്റ്റ് ഉള്‍പ്പെട്ടതാണന്നറിഞ്ഞിട്ടും ഉള്ളിലിറങ്ങി പണിചെയ്യാന്‍ സന്മനസ്സുകാണിച്ച തങ്കപ്പന്‍, സോമന്‍ എന്നീ തൊഴിലാളികളെ അഭിനന്ദിക്കുന്നു. ബയോഗ്യാസ് പ്ലാന്റിലിറങ്ങി പണിചെയ്യാന്‍ അനുയോജ്യമായ പ്ലാന്റ് തന്നെയാണിത്, അക്കാര്യത്തില്‍ ബയോടെക് മികവ് പുലര്‍ത്തി. കൃഷിഭവനിലൂടെ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ദീനബന്ധു മോഡല്‍ പ്ലാന്റ് ഇപ്രകാരം റിപ്പയര്‍ സാധ്യമല്ല എന്നു മാത്രമല്ല അതിനുള്ളില്‍ കടന്ന് റിപ്പയര്‍ ചെയ്യുന്നത് അപകടവുമാണ്.  ഇരുപതോളം കുട്ട ചാണകം കലക്കിയൊഴിക്കുകയും പ്ലാന്റിനുള്ളിലെ നിരപ്പ് പരിപാലിക്കാന്‍ വെള്ളം നിറയ്ക്കുകയും ചെയ്തു. മൂന്നാം ദിവസം സിലിണ്ടര്‍ ഉയരുകയും ഗ്യാസ് ലഭിക്കുകയും ചെയ്തു. എത്ര ഉയര്‍ന്നാലും പി.വി.സി പൈപ്പിനു മുകളിലൂടെ ആയതിനാല്‍ തുരുമ്പു കയറി തടസ്സം നേരിടുകയില്ല.

3 comments:

keralafarmer said...

ഒരു സന്തോഷ വാര്‍ത്ത. എന്റെ ബയോഗ്യാസ് പ്ലാന്റ് സര്‍വ്വീസിംഗിന് നിര്‍മ്മാതാക്കളായ ബയോടെക് വരാത്തതുകാരണം ഞാന്‍ തൊഴിലാളികളെക്കൊണ്ട് സ്വന്തം രീതിയില്‍ പരിഷ്കരിച്ചു. അതിന്റെ ഫലമായി നാളിതുവരെ ലഭിച്ചുകൊണ്ടിരുന്നതിനേക്കാള്‍ ഇരട്ടിയോളം ബയോഗ്യാസ് അതേ ഇന്‍പുട്ടിലൂടെ ലഭിക്കുന്നു. മധ്യഭാഗത്തുള്ള "പിവിസി കവറിംഗ്" സ്ലറിയിലൂടെ നഷ്ടമായിരുന്ന ഗ്യാസ് ലോസ് കുറവാകാന്‍ കാരമമായി.
നാം പ്ലാന്റിലേയ്ക്ക് കലക്കിയൊഴിക്കുന്ന ജൈവ വസ്തുക്കള്‍ ഫെര്‍മെന്റേഷന്‍ എന്ന പ്രൊസസ്സിന് വിധേയമാകുവാന്‍ നിശ്ചിത സമയം വേണം. അതിനുള്ളില്‍ ഏതെങ്കിലും തരത്തിലുള്ള മര്‍ദ്ദം കാരണം പാകമാകാത്ത സ്ലറി വെളിയിലേയ്ക്കൊഴുകിയാല്‍ നല്ലൊരു ശതമാനം ഗ്യാസ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. എല്ലാം ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മാതാക്കളും ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കും എന്ന് വിശ്വസിക്കുന്നു.

ഇലക്ട്രോണിക്സ് കേരളം said...

വളരെ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍.......തുടരുക...ധാരാളം ഗ്യാസുണ്ടാകട്ടെ.

ആചാര്യന്‍ said...

വളരെ നല്ലൊരു ഉപകാരപ്രദമായ ബ്ലോഗ്‌...